റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം; തീരുവ 100 ശതമാനമായി കുറച്ച് അമേരിക്ക

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍  ഇന്ത്യയ്ക്ക് ആശ്വാസം; തീരുവ 100 ശതമാനമായി കുറച്ച് അമേരിക്ക

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഏര്‍പ്പെടുത്താനിരുന്ന 500 ശതമാനം തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യന്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും മേലുള്ള തീരുവ 100 ശതമാനമായാണ് കുറച്ചത്.

ഇതുസംബന്ധിച്ച് പരിഷ്‌കരിച്ച ബില്‍ പ്രകാരം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം ലഭിക്കും. ഭേദഗതി പ്രകാരം, റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കാനും വ്യവസ്ഥയുണ്ട്.

അമേരിക്കയുടെ പ്രത്യേക താല്‍പ്പര്യം മുന്‍നിര്‍ത്തി ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. റഷ്യയുടെ ഷാഡോ ടാങ്കര്‍ കപ്പലുകള്‍ക്കും കേന്ദ്ര ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ബില്‍ ലക്ഷ്യമിടുന്നുണ്ട്.

ഉക്രെയ്‌നില്‍ റഷ്യ നടത്തിയ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ച് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍പ് യുഎസ് ഉഭയകക്ഷി ബില്‍ അവതരിപ്പിച്ചത്.

അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്താലും ചേര്‍ന്നായിരുന്നു ഈ നീക്കത്തിന് നേതൃത്വം നല്‍കിയത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അഞ്ച് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ബില്‍ തിരിച്ചടിയായിരുന്നു.

എന്നാല്‍, ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര ബന്ധങ്ങള്‍ വഷളാകാതിരിക്കാനാണ് തീരുവയില്‍ ഇളവ് വരുത്തിയതെന്നാണ് സൂചന. ലിന്‍ഡ്സി ഗ്രഹാമിനോടുള്ള ആദര സൂചകമായി ബില്‍ ഉടന്‍ നിയമമാകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.