ബെയ്‌ജിംങ് : കടുത്ത മത്സരം നേരിടുന്ന അന്താരാഷ്ട്ര വാക്സിൻ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ഹോങ്കോങ്ങിൽ കൂടി ചൈനയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ചൈനീസ് നിർമ്മിത കൊറോണ വൈറസ് വാക്സിനുകൾ കുത്തിവയ്ക്കുകയാണെങ്കിൽ നടപടി ക്രമങ്ങൾ വളരെ കുറച്ച് മാത്രമേ ഉണ്ടായിരിക്കൂ എന്ന് ചൈന പ്രഖ്യാപിച്ചു.
ക്വാഡ് കൂട്ടായ്മ എന്നറിയപ്പെടുന്ന അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ, മറ്റ് രാജ്യങ്ങൾക്ക് കൂടുതൽ വ്യാപകമായി വാക്‌സിനുകൾ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, ചൈനീസ് പ്രദേശത്ത് വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികളെ ഉൾക്കൊള്ളുന്ന ഈ നയ പ്രഖ്യാപനം. ക്വാഡ് അംഗ രാജ്യങ്ങൾ അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിൽ കുറഞ്ഞത് ഒരു ബില്യൺ ഡോസ് കൊറോണ വൈറസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ധനസഹായം നൽകുമെന്ന് വാഗ്ദാനം ചെയ്തു.
ചൈന അവരുടെ വാക്സിനുകളുടെ ആകർഷണത്വം വർധിപ്പിക്കുവാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ചൈനീസ് വാക്സിൻ നിർമ്മാതാക്കൾ അവരുടെ ക്ലിനിക്കൽ ട്രയൽ ഡാറ്റ പ്രസിദ്ധീകരിച്ച് കൂടുതൽ സുതാര്യമായിരിക്കാൻ ശാസ്ത്രജ്ഞരും വിദേശ സർക്കാരുകളും ആവശ്യപ്പെട്ടിട്ടും ചൈന അതൊന്നും ചെവികൊണ്ടിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ 69 രാജ്യങ്ങൾക്ക് ചൈന വാക്സിനുകൾ നൽകിയതായും 28 രാജ്യങ്ങളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ആരംഭിച്ചതായും ചൈനീസ് സർക്കാർ വക്താവ് ഗുവോ വെയ്മിൻ പറഞ്ഞു.
ചൈനീസ് സ്റ്റേറ്റ് മീഡിയ ഓർഗനൈസേഷനുകൾ മോഡേണ, ഫൈസർ-ബയോടെക് വാക്സിനുകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതും ചൈനീസ് വാക്സിനുകളെ മികച്ച ബദലായി പ്രോത്സാഹിപ്പിക്കുന്നതുമായ തെറ്റായ പരസ്യ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.
അഞ്ച് ദശലക്ഷം ഡോസുകൾ വാങ്ങാൻ ഹംഗറി സമ്മതിച്ചിട്ടുണ്ടെങ്കിലും ചൈനീസ് നിർമ്മിത വാക്സിനുകൾക്ക് പടിഞ്ഞാറൻ രാജ്യങ്ങളിലെ മിക്ക റെഗുലേറ്റർമാരും ഇതുവരെ ചൈനീസ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ല. രാജ്യത്തിനുള്ളിൽ മറ്റ് വിദേശ വാക്സിനുകൾ നിർമ്മിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ചൈന ഇതുവരെ തയ്യാറായിട്ടില്ല.
കൊറോണ വൈറസിനെതിരെ ഒരു യാത്രക്കാരന് വാക്സിനേഷൻ നൽകിയിട്ടുണ്ടോ എന്ന് കാണിക്കുന്ന ഒരു അന്താരാഷ്ട്ര ഇലക്ട്രോണിക് പാസ്‌പോർട്ട് ഈ ആഴ്ച ചൈന തങ്ങളുടെ പൗരന്മാർക്കായി അവതരിപ്പിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശനിയാഴ്ചത്തെ നയ പ്രഖ്യാപനം ഹോങ്കോങ്ങിൽ താമസിക്കുന്ന വിദേശികൾക്ക് എത്രമാത്രം ബാധകമാകുമെന്ന് വ്യക്തമായില്ല, കാരണം ചൈന അടുത്തയിടെയായി പുതിയ വിസകളൊന്നും നൽകിയിട്ടില്ല. കൂടാതെ, ഹോങ്കോങ്ങിന്റെ അതിർത്തികൾ ഒരു വർഷത്തോളമായി പ്രവാസികൾക്കുമുന്നിൽ അടച്ചിരിക്കുകയാണ്.
ചൈനയിൽ നിന്നുള്ള സിനോവാക് വാക്സിനും ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഫൈസർ-ബയോ ടെക് വാക്സിനും ഹോങ്കോംഗിൽ ലഭ്യമാണ്. ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കുവാൻ ഹോങ്കോങ് സർക്കാർ അവിടുത്തെ താമസക്കാരെ അനുവദിക്കുന്നു. ഇതിനകം ഫൈസർ-ബയോടെക് വാക്സിൻ ലഭിച്ച ഹോങ്കോങ്ങിലെ ആളുകൾക്ക് സിനോവാക് വാക്സിൻ വീണ്ടും സ്വീകരിക്കേണ്ടതുണ്ടോ എന്ന് ശനിയാഴ്ച പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
അതിർത്തിയിലെ നിയന്ത്രണങ്ങൾ രാജ്യത്ത് വ്യാപാരം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഏറ്റവും വലിയ ആശങ്കയായി മാറിയെന്ന് ചൈനയിലെ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലൻ ബീബെ പറഞ്ഞു, യാത്രക്കാർ ഏത് വാക്‌സിൻ സ്വീകരിച്ചു എന്നത് അടിസ്ഥാനമാക്കി പ്രവേശനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ഇറക്കുമതി ചെയ്ത വാക്സിനും ചൈനയിൽ ഉൽപാദിപ്പിക്കുന്ന മരുന്നും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് വ്യക്തമാക്കാൻ അദ്ദേഹം ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.