കളമശ്ശേരിയില്‍ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം തര്‍ക്കത്തില്‍; സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച് ടി.എ അഹമ്മദ് കബീര്‍

കളമശ്ശേരിയില്‍ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം തര്‍ക്കത്തില്‍; സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച് ടി.എ അഹമ്മദ് കബീര്‍

കൊച്ചി: കളമശേരിയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഇത്തവണ സീറ്റ് നിക്ഷേധിക്കപ്പെട്ട മങ്കടയിലെ സിറ്റിങ് എംഎല്‍എ ടി.എഅഹമ്മദ് കബീര്‍ കളമശേരിയില്‍ സമാന്തര യോഗം വിളിച്ച് ചേര്‍ത്തു. എറണാകുളം ജില്ലാ കമ്മിറ്റിയിലെയും മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരാവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

കളമശേരി എംഎല്‍എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു ലീഗ് നേതൃത്വം.

മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ബഹുഭൂരിഭാഗം പേരും അഹമ്മദ് കബീറിനെ പിന്തുണച്ച് രംഗത്തുണ്ട്. കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിനെയോ മകന്‍ അബ്ദുള്‍ ഗഫൂറിനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് അവര്‍ ലീഗ് നേതൃത്വത്തെ പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു.അത് നിരാകരിക്കപ്പെട്ടതില്‍ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്.

മങ്കടയില്‍ രണ്ടു തവണ എം.എല്‍.എ.യായ താന്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ നീക്കിയിരുന്നതായി അഹമ്മദ് കബിര്‍ പ്രതികരിച്ചു. അവിടെ നിന്ന് തന്നെ ഒഴിവാക്കേണ്ട ഒരു സാഹചര്യവുമില്ല. അത് അപമാനിക്കലാണ്. അതിനു പകരമായി ജന്മനാടായ കളമശേരിയില്‍ തന്നെ പരിഗണിക്കണമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റിനോടും നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം പാര്‍ട്ടിയില്‍നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദ് കബീര്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.