ലണ്ടൻ: സൗദി അറേബ്യയിലെ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്ന എത്യോപ്യൻ ക്രൈസ്തവരുടെ ജീവൻ രക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ സഭ. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് വിഷയം നേരിട്ട് ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ആംഗ്ലിക്കൻ ബിഷപ്പുമാർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു. വിഷയം ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സഭ കത്തയച്ചിട്ടുണ്ടെന്ന് 'പ്രീമിയർ' റിപ്പോർട്ട് ചെയ്യുന്നു.
ചെൽംസ്ഫോർഡ്, സൗത്ത്വർക്ക്, വിൻചെസ്റ്റർ രൂപതകളിലെ ആംഗ്ലിക്കൻ മെത്രാന്മാരാണ് സംയുക്തമായി ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. എത്യോപ്യയിൽ മതപീഡനം കാരണം രാജ്യം വിട്ട നിരവധി ക്രൈസ്തവർ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ അകപ്പെടുകയായിരുന്നുവെന്നും തുടർന്ന് അന്യായമായി തടങ്കലിലാക്കപ്പെടുകയായിരുന്നെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത് കുറ്റങ്ങളെല്ലാം വ്യാജ ആരോപണങ്ങളാണ്. ജയിലിൽ കഴിയുന്നവർക്ക് വിശ്വാസപരമായ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചില തടവുകാരുടെ കഴുത്തിലുണ്ടായിരുന്ന കുരിശുമാലകൾ സൗദി പോലീസ് ഉദ്യോഗസ്ഥർ ബലമായി ഊരിമാറ്റുകയും മർദിക്കുകയും ചെയ്തതായി പുറത്തുവന്ന വിവരങ്ങൾ അതീവ ആശങ്കാജനകമാണെന്ന് ബിഷപ്പുമാർ പറഞ്ഞു. മതസ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്ന അടിസ്ഥാന മനുഷ്യാവകാശമാണെന്നും, തടവിലായിരിക്കുമ്പോഴും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം, ശിക്ഷകൾ പുനഃപരിശോധിക്കുമെന്ന് സൗദി ഭരണകൂടം മുൻപ് അറിയിച്ചിരുന്നെങ്കിലും ഇതിനോടകം അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചില കേസുകളിൽ വധശിക്ഷ നടപ്പാക്കിയ വിവരം കുടുംബാംഗങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.