പാര്‍ലമെന്റിന്റെ പച്ചക്കൊടി: കേരള ഇനി ചരിത്രം; ഔദ്യോഗികമായി കേരളം എന്ന് പുനര്‍നാമകരണം ചെയ്യുന്നു

പാര്‍ലമെന്റിന്റെ പച്ചക്കൊടി: കേരള ഇനി ചരിത്രം; ഔദ്യോഗികമായി കേരളം എന്ന് പുനര്‍നാമകരണം ചെയ്യുന്നു

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നല്‍കിയതോടെ ഇനി രാഷ്ട്രപതിയുടെ അന്തിമാനുമതിയാണ് ലഭിക്കേണ്ടത്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തുകയും ചെയ്യും.

പേര് മാറ്റത്തിനുള്ള നിര്‍ദേശത്തിന് 2026 ഫെബ്രുവരി 24 നാണ് കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും 'Government of Kerala' എന്നതിന് പകരം 'Government of Keralam' എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തി തുടങ്ങും. 1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിച്ചത് മുതല്‍ മലയാളത്തില്‍ കേരളം എന്നും ഇംഗ്ലീഷില്‍ കേരള എന്നും ഉപയോഗിച്ച് വന്നിരുന്ന വൈരുധ്യത്തിനാണ് ഇതോടെ പൂര്‍ണവിരാമമാകുന്നത്.

എന്നാല്‍ ഈ നാമമാറ്റം ഭരണതലത്തില്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കും വഴി തുറക്കും. സെക്രട്ടേറിയറ്റ് മുതല്‍ താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകള്‍ വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ബോര്‍ഡുകള്‍, സീലുകള്‍, ലെറ്റര്‍ പാഡുകള്‍, വെബ്സൈറ്റുകള്‍, ഔദ്യോഗിക ലോഗോകള്‍ എന്നിവ പുതിയ പേര് ഉള്‍പ്പെടുത്തി മാറ്റേണ്ടി വരും. കൂടാതെ ലക്ഷക്കണക്കിന് ഗസറ്റുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ പുതിയ പേരില്‍ പുനരച്ചടിക്കേണ്ടി വരുമെന്നതിനാല്‍ സംസ്ഥാന ഖജനാവിന് വലിയൊരു തുക ചെലവഴിക്കേണ്ടതായും വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.