ഇന്ത്യയിലെ പുതിയ അമ്മമാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രസവാനന്തര വിഷാദരോഗം
ന്യൂഡല്‍ഹി: പ്രസവാനന്തര മാനസികാരോഗ്യ സംരക്ഷണം രാജ്യത്ത് ഏറെ അവഗണിക്കപ്പെടുന്ന വിഷയമാണെന്നും പ്രസവാനന്തര വിഷാദ രോഗം നേരിടുന്ന സ്ത്രീകളെ കണ്ടെത്തി സഹായിക്കുന്നതിനായി ദേശീയ നയവും പരിശോധനാ സംവിധാനവും കൊണ്ടുവരണമെന്നും രാജ്യസഭാ എം.പി സുധ മൂര്‍ത്തി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശ വേളയില്‍ സംസാരിക്കവെയാണ് അവര്‍ ഈ വിഷയം ഉന്നയിച്ചത്.
ഇന്ത്യയിലെ പുതിയ അമ്മമാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രസവാനന്തര വിഷാദരോഗം അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. പ്രസവ ശേഷം അമ്മമാരില്‍ കാണപ്പെടുന്ന കടുത്ത വിഷാദം, ഉത്കണ്ഠ, അത്യധികം ക്ഷീണം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി ആദ്യ പ്രസവത്തിന് ശേഷമാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള അമിതമായ ആശങ്കകളും സങ്കടങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം.
കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തേണ്ടത് ഈ അവസ്ഥയില്‍ ഏറെ അനിവാര്യമാണ്. വിഷാദത്തിന്റെ തോത് അനുസരിച്ച് കൗണ്‍സിലിങ്, സൈക്കോ തെറാപ്പി അല്ലെങ്കില്‍ മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കേണ്ടി വരും. ഈ ഘട്ടത്തില്‍ പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും മികച്ച പരിചരണവും രോഗിക്ക് ആവശ്യമാണ്. മാനസിക പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ വൈകിപ്പിക്കാതെ വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.
ചികിത്സയോടൊപ്പം തന്നെ ചില ജീവിത ശൈലി മാറ്റങ്ങളും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മറികടക്കാന്‍ സഹായിക്കും. മനശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശ പ്രകാരമുള്ള തെറാപ്പി, പതിവായുള്ള വ്യായാമം എന്നിവ ശരീരത്തില്‍ സന്തോഷം നല്‍കുന്ന സെറോടോണിന്‍, ഡോപമിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. തുറന്ന ആശയ വിനിമയം നടത്തുക, നല്ല പുസ്തകങ്ങള്‍ വായിക്കുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള സമീകൃതാഹാരം കഴിക്കുക എന്നിവയും പ്രസവാനന്തര മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.