കനേഡിയന്‍ പൊലീസിന് ഇനി മലയാളി ടച്ച്; എരുമേലിക്കാരന്‍ ക്രിസ്റ്റന്‍ ജോസഫ് ടൊറന്റോ പൊലീസ് സര്‍വീസില്‍

കനേഡിയന്‍ പൊലീസിന് ഇനി മലയാളി ടച്ച്; എരുമേലിക്കാരന്‍ ക്രിസ്റ്റന്‍ ജോസഫ് ടൊറന്റോ പൊലീസ് സര്‍വീസില്‍

കോട്ടയം: കാനഡ പൊലീസില്‍ മലയാളി തിളക്കം. കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റന്‍ ജോസഫാണ് കാനഡയിലെ ടൊറന്റോ പൊലീസ് സര്‍വീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി  മാറിയത്. ഓഗസ്റ്റ് 20നാണ് ഔദ്യോഗിക പദവിയിലേക്കുള്ള സത്യപ്രതിജ്ഞയും 'ബാഡ്ജ് ഡേ' ചടങ്ങുകളും നടന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗും പൂര്‍ത്തിയാക്കിയ ക്രിസ്റ്റന്‍ പഠനത്തില്‍ എപ്പോഴും മികവ് പുലര്‍ത്തിയിരുന്നു. കുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ക്രിസ്റ്റന്‍ കായിക രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്.

2018 ലാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോ ലാംബ്ടണ്‍ കോളേജില്‍ നിന്ന് 'ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്മെന്റ്' കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം കാനഡയിലെ പ്രമുഖ ബാങ്കായ ടി.ഡി ബാങ്കിന്റെ ടൊറന്റോ ആസ്ഥാനത്ത് ഓപ്പറേഷന്‍സ് കോര്‍ഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

താന്‍ ഭാഗമായ സമൂഹത്തിന് നേരിട്ട് സേവനമേകാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടി കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ക്രിസ്റ്റന്‍ പൊലീസ് സേനയുടെ ഭാഗമായത്. 2025 ല്‍ ആരംഭിച്ച കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആദ്യ ശ്രമത്തില്‍ തന്നെ ക്രിസ്റ്റന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ശാരീരിക ക്ഷമതാ പരീക്ഷകള്‍, നിയമപരവും അക്കാദമികവുമായ പരീക്ഷകള്‍, സൈക്കോളജിക്കല്‍ സ്‌ക്രീനിംഗ്, പാനല്‍ ഇന്റര്‍വ്യൂകള്‍ എന്നിവ തരണം ചെയ്ത് 2026 ജനുവരിയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.

ടൊറന്റോ പൊലീസ് അക്കാദമി, ഒന്റാറിയോ പൊലീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. പ്രവിശ്യയിലെ മുഴുവന്‍ പൊലീസ് സര്‍വീസുകളില്‍ നിന്നുമുള്ള റിക്രൂട്ടുകള്‍ പങ്കെടുത്ത പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റന്‍ 'ടോപ്പ് 25' റാങ്കില്‍ ഉള്‍പ്പെട്ടാണ് ജൂണ്‍ 19 ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ടൊറന്റോ പൊലീസ് കോളേജില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് മെട്രോപൊളിറ്റന്‍ ടാക്റ്റികിക്കല്‍ ലീഗല്‍ ട്രെയിനിംഗും വിജയകരമായി പൂര്‍ത്തിയാക്കി.

കാനഡയിലെ ഏറ്റവും വലിയ മുന്‍സിപ്പല്‍ പൊലീസ് സേനയും വടക്കേ അമേരിക്കയിലെ പ്രമുഖ ലോ എന്‍ഫോഴ്‌സ്മെന്റ് ഏജന്‍സികളിലൊന്നുമാണ് ടൊറന്റോ പൊലീസ് സര്‍വീസ്. 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള നഗരത്തില്‍ സുരക്ഷയൊരുക്കുന്ന സേനയിലേക്ക് ആദ്യ ശ്രമത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടത് മലയാളി സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണ്. സി.എ ജോസഫ്-മോളി ജോസഫ് ദമ്പതികളുടെ മകനാണ് ക്രിസ്റ്റന്‍ ജോസ്. ഭാര്യ: അഷ്മി ക്രിസ്റ്റന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.