തിരുവനന്തപുരം മുതലപ്പൊഴിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങി അഞ്ച് പേരെ കാണാതായി.
കൊച്ചി: ശക്തമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും അമ്മ റജീനയും മരിച്ചു.
ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളില്‍ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു.
കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാല് വയസുകാരന്‍ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് - നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മന്‍ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
അധികം വൈകാതെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് പതിനൊന്ന് വയസുകാരന്‍ മരിച്ചു. അപകടമുണ്ടായി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മുതലപ്പൊഴിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങി അഞ്ച് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്.
ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര മേഖലകളില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.