തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആ യോഗത്തില്‍ പറയരുതാത്ത ചില വാക്കുകള്‍ ഉപയോഗിച്ച് പോയതില്‍ പൂര്‍ണമായും ഖേദിക്കുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
പരാമര്‍ശത്തില്‍ തനിക്ക് യാതൊരുവിധ അഹങ്കാരമോ ഫോള്‍സ് ഈഗോയോ ഇല്ലെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഔദ്യോഗികമായിത്തന്നെ ഖേദം അറിയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമാണ് പ്രിയദര്‍ശിനി പദ്ധതിയെന്ന് വ്യക്തമാക്കിയ മന്ത്രി, സര്‍ക്കാരിന്റെ ശിശുവായ ഈ പദ്ധതി യാതൊരു തടസവുമില്ലാതെ മുന്‍പോട്ട് പോകുമെന്നും അറിയിച്ചു. ഈ സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ചില പ്രസ്താവനകള്‍ കണ്ടപ്പോള്‍ പ്രിയദര്‍ശിനി വേറെ ആരോ തുടങ്ങിവെച്ചതാണെന്നും അത് നിര്‍ത്തലാക്കാന്‍ പോകുകയാണെന്നുമുള്ള തരത്തില്‍ തെറ്റിദ്ധാരണ പരന്നതായും അദേഹം പറഞ്ഞു.
സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ ഉള്ള വേര്‍തിരിവില്ലാതെ ഏത് സ്ത്രീക്കും പ്രിയദര്‍ശിനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ അവകാശമുണ്ട്. സൗജന്യ യാത്ര എന്നത് ആരുടെയും ഔദാര്യമല്ലെന്നും കെ.എസ്.ആര്‍.ടി.സിക്ക് ഈ പദ്ധതി ഒരു ഭാരമല്ലെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം കേരളത്തില്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യമുണ്ടെന്ന തന്റെ രാഷ്ട്രീയ നിലപാടില്‍ മന്ത്രി ഉറച്ച് നിന്നു.
മുന്‍പ് വന്ന ചില പ്രസ്താവനകളില്‍ പ്രചരിച്ചത് പോലെ സംസ്ഥാനത്ത് ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്നും അത് പരിഹരിക്കാനാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തിരഞ്ഞെടുത്തതെന്നും അദേഹം ചൂണ്ടിക്കാട്ടി. 10000 രൂപ മാസവരുമാനമുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതിയിലൂടെ ലഭിക്കുന്ന ഇളവുകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും വിവാദങ്ങളെല്ലാം ഇതോടെ അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.