ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ഫ്ളോറസിനെ നടുക്കി ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 38 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങളാണ് നിമിഷനേരം കൊണ്ട് നിലംപൊത്തിയത്. ദുരന്തനിവാരണ ഏജന്‍സിയുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ രാത്രിയിലും തുടരുകയാണ്. ഇനിയും നിരവധി പേരെ കണ്ടെത്താനുള്ളതിനാല്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നി പ്രവിശ്യകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. മോമിയര്‍ തുറമുഖത്ത് യാത്രയ്ക്കായി കാത്തിരുന്ന ജനങ്ങളുടെ മേലേക്ക് കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും, ശക്തമായ കുലുക്കത്തില്‍ പലരും കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തുവെന്ന് ഈസ്റ്റ് നുസ തെങ്ങര ഗവര്‍ണര്‍ അറിയിച്ചു. ഗതാഗത സംവിധാനങ്ങളും വൈദ്യുതി-വാര്‍ത്താ വിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടത് ദുരന്ത ഭൂമിയിലേക്കുള്ള രക്ഷാപ്രവര്‍ത്തകരുടെ വരവ് പ്രതിസന്ധിയിലാക്കി.
തീരദേശ മേഖലകളില്‍ നിന്ന് 2000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കടലില്‍ പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് തീരവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര വൈദ്യ സഹായവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.