സംസ്ഥാനത്ത് കോസ്മെറ്റിക് മാഫിയ പിടിമുറുക്കുന്നു: വിദേശ ഉല്‍പന്നങ്ങളുടെ മറവില്‍ വില്‍ക്കുന്നത് മെര്‍ക്കുറി അടങ്ങിയ രാസവസ്തുക്കള്‍, പരിശോധന ശക്തം

സംസ്ഥാനത്ത് കോസ്മെറ്റിക് മാഫിയ പിടിമുറുക്കുന്നു: വിദേശ ഉല്‍പന്നങ്ങളുടെ മറവില്‍ വില്‍ക്കുന്നത് മെര്‍ക്കുറി അടങ്ങിയ രാസവസ്തുക്കള്‍, പരിശോധന ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജവും നിരോധിതവുമായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ലിപ്സ്റ്റിക്കുകള്‍, ഫേസ് ക്രീമുകള്‍ തുടങ്ങിയ ജനപ്രിയ ഉല്‍പന്നങ്ങളില്‍ അനുവദനീയമായ അളവിലും വളരെ കൂടുതല്‍ മാരകമായ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ പൂര്‍ണമായും നിരോധിച്ച ഉല്‍പന്നങ്ങള്‍ പോലും കേരളത്തിലെ വിപണികളില്‍ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇവ ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് വന്‍ കോസ്മെറ്റിക് മാഫിയയുടെ വിവരങ്ങള്‍ പുറത്തുവന്നത്. വിദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ എന്ന വ്യാജേന പ്രാദേശികമായി നിര്‍മിക്കുന്ന വസ്തുക്കളാണ് വിപണിയില്‍ വന്‍തോതില്‍ എത്തിക്കുന്നത്. ഇതിനായി കേരളം കേന്ദ്രീകരിച്ച് അനധികൃത നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു കട കേന്ദ്രീകരിച്ച് ഇത്തരം വ്യാജ ഉല്‍പന്നങ്ങളുടെ അനധികൃത നിര്‍മാണം നടന്നിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ത്വക്ക് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുന്ന മാരക രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇവ ഉല്‍പാദിപ്പിച്ചിരുന്നത്. യാതൊരുവിധ ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉല്‍പാദന യൂണിറ്റുകള്‍ വഴി പാകിസ്ഥാന്‍ നിര്‍മിത കോസ്മെറ്റിക് വസ്തുക്കള്‍ പോലും സംസ്ഥാനത്തെ വിപണിയില്‍ എത്തിച്ചിരുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തി.
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.