ന്യൂയോര്‍ക്ക്: വര്‍ഷങ്ങളോളം ജീവിച്ച മണ്ണും കെട്ടിപ്പടുത്ത ആത്മബന്ധങ്ങളും ഉപേക്ഷിച്ച് മാതൃരാജ്യത്തേക്ക് മടങ്ങുക എന്നത് ഏതൊരു പ്രവാസിക്കും വലിയൊരു നൊമ്പരമാണ്. എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കാനൊരുങ്ങിയ ഒരു ഇന്ത്യന്‍ ദമ്പതികള്‍ക്ക് തങ്ങളുടെ അയല്‍ക്കാരി നല്‍കിയ യാത്രയയപ്പ് ഇന്ന് ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയം കവരുകയാണ്. ഡിട്രോയ്റ്റില്‍ താമസിച്ചിരുന്ന വിജയ് കൊക്കേരഗദ്ദയ്ക്കും ഭാര്യയ്ക്കുമാണ് നാടണയുന്ന നിമിഷത്തില്‍ മറക്കാനാകാത്ത ഈ സ്‌നേഹാനുഭവം ഉണ്ടായത്.
ഡിട്രോയ്റ്റ് വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന ദമ്പതികളുടെ അടുത്തേക്ക് ഓടിയെത്തിയ അമേരിക്കന്‍ അയല്‍ക്കാരി, തങ്ങളെ വിട്ടുപോകരുതെന്ന് പറഞ്ഞ് കണ്ണീരണിഞ്ഞ് അവരെ കെട്ടിപ്പുണരുകയായിരുന്നു. വിജയും ഭാര്യയും പുഞ്ചിരിയോടെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിട പറയാന്‍ മനസില്ലാതെ ആ സ്ത്രീ അവരെ മുറുകെ പിടിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലെന്നും യാത്ര പറയുന്ന നിമിഷം ഒരു സുഹൃത്ത് തികച്ചും അപ്രതീക്ഷിതമായി ക്യാമറയില്‍ പകര്‍ത്തി തങ്ങള്‍ക്ക് കൈമാറിയതാണെന്നും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ അതിരുകളില്ലാത്ത മനുഷ്യ ബന്ധങ്ങളുടെയും കരുതലിന്റെയും ആഴം വ്യക്തമാക്കുന്ന ഈ കൊച്ചു വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഭാഷയോ സംസ്‌കാരമോ ദേശമോ അല്ല, പരസ്പരമുള്ള സ്‌നേഹമാണ് മനുഷ്യരെ കോര്‍ത്തിണക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ നിമിഷത്തിന് താഴെ നിരവധി പേരാണ് പ്രശംസകളുമായി എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.