ഇസ്ലാം മതപണ്ഡിതന്റെ മകൾ കത്തോലിക്ക സന്യാസിനിയായി; ഗിനി-ബിസാവുവിൽ വിസ്മയകരമായ ദൈവവിളി

ഇസ്ലാം മതപണ്ഡിതന്റെ മകൾ കത്തോലിക്ക സന്യാസിനിയായി; ഗിനി-ബിസാവുവിൽ വിസ്മയകരമായ ദൈവവിളി

ബിസാവു: വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസാവുവിൽ പ്രമുഖ ഇസ്ലാം മതപണ്ഡിതന്റെ (ഇമാം) മകൾ കത്തോലിക്ക സന്യാസിനിയായി പ്രഥമ വ്രതവാഗ്ദാനം നടത്തി വിശ്വാസ ലോകത്തിന് മാതൃകയായി. ഇരുപത്തിയേഴ് വയസുള്ള ഐഷ സെറ്റിമിയ കാന്തെയാണ് 'സിസ്റ്റേഴ്സ് ഓഫ് ദ ഡിവൈൻ സ്പിരിറ്റ്' സന്യാസ സമൂഹത്തിൽ ഈ സുപ്രധാന ചുവടുവെപ്പ് നടത്തിയത്. ഓഗസ്റ്റ് 15 ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വർ​ഗാരോപണ തിരുനാൾ ദിനത്തിൽ ബിസാവു രൂപതയിൽ നടന്ന ചടങ്ങുകളിൽ ബിഷപ്പ് എമരിറ്റസ് ജോസ് കാമ്നേറ്റ് നാ ബിസിൻ കാർമ്മികത്വം വഹിച്ചു.

സമർപ്പിത ജീവിതം വ്യക്തിഗത താല്പര്യമല്ലെന്നും മറിച്ച് ദൈവത്തിന്റെ ദൗത്യമാണെന്നും ചടങ്ങിൽ സംസാരിച്ച ബിഷപ്പ് ജോസ് കാമ്നേറ്റ് ഓർമ്മിപ്പിച്ചു. ദൈവമാതാവായ മറിയത്തെ ദൈവവിളിയുടെ മാതൃകയായി സ്വീകരിക്കാനും അദേഹം നവസന്യാസിനിയോട് ആഹ്വാനം ചെയ്തു.

ദൈവം തന്നെ വിളിക്കുകയും തിരഞ്ഞെടുക്കുകയും ഈ നിമിഷം വരെ താങ്ങിനിർത്തുകയും ചെയ്തതിന് നന്ദി പറയുകയാണെന്ന് വ്രതവാഗ്ദാനത്തിന് ശേഷം ഐഷ പ്രതികരിച്ചു. അത്യധികം സന്തോഷവും കൃതജ്ഞതയും നിറഞ്ഞ നിമിഷമാണിതെന്നായിരുന്നു അവളുടെ വാക്കുകൾ.

സഫിം സ്വദേശിയായ ഐഷ, ഒരു ഇമാമിന്റെ മകളായി മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ്. ക്രിസ്തു വിശ്വാസത്താൽ ആകൃഷ്ടയായ അവൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ബിസാവു രൂപതയിലെ ഔവർ ലേഡി ഓഫ് ഗ്രേസ് ഫരീം ഇടവകയിൽ നിന്ന് മാമോദീസ സ്വീകരിച്ചു. തുടർന്ന് സെന്റ് ആൻസ് മൻസോവ ഇടവകയിൽ നിന്ന് സ്ഥൈര്യലേപനവും സ്വീകരിച്ച ശേഷമാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ധീരമായ തീരുമാനമെടുത്തത്.

അതേസമയം ഇസ്ലാം മതപണ്ഡിതന്റെ മകൾ കത്തോലിക്കാ സന്യാസിനിയായ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഐഷയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നുണ്ട്. എങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ക്രിസ്തുവിനായി തന്റെ ജീവിതം പൂർണമായി സമർപ്പിച്ചിരിക്കുകയാണ് ഈ യുവതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.