ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പ്രസ്താവനയും അദേഹത്തിന്റെ ശ്രീനഗര്‍ സന്ദര്‍ശനവും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വന്‍ നയതന്ത്ര വിജയമാകുന്നു. ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനെ പരസ്യമായി പിന്താങ്ങുന്ന അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇസ്ലമാബാദിലെ യു.എസ് അംബാസഡര്‍ നതാലി ബേക്കറിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു.
കാശ്മീരിനെ അന്താരാഷ്ട്ര തലത്തില്‍ തര്‍ക്ക ഭൂമിയായി നിലനിര്‍ത്താനുള്ള പാക്കിസ്ഥാന്റെ ദീര്‍ഘകാല ശ്രമങ്ങള്‍ക്കാണ് അംബാസഡറുടെ ഈ പരാമര്‍ശത്തിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിയെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ യു.എസ് കാട്ടിയിരുന്ന പാക് അനുകൂല നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണിത്. ഇറാന്‍ വിഷയം, സൗദി അറേബ്യയുമായുള്ള പുതിയ സൈനിക സഖ്യങ്ങള്‍ തുടങ്ങിയ മേഖലയിലെ പുതിയ ഭൗമ രാഷ്ട്രീയ സമവാക്യങ്ങളാണ് അമേരിക്കയെ തങ്ങളുടെ നിലപാട് പുനപരിശോധിക്കാന്‍ പ്രേരിപ്പിച്ചത്.
സന്ദര്‍ശനത്തോടൊപ്പം കാശ്മീരിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ ലവല്‍ നാല് ട്രാവല്‍ അഡൈ്വസറി പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും യു.എസ് അംബാസഡര്‍ വ്യക്തമാക്കിയത് മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ആശ്വാസമാകും. 2019 ല്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷം ഇതാദ്യമായാണ് ഒരു യു.എസ് അംബാസഡര്‍ ശ്രീനഗറില്‍ എത്തുന്നത്.
അമേരിക്കയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും ട്രംപ് ഭരണകൂടത്തിന്റെ ഭാവി നിലപാടുകളില്‍ തികഞ്ഞ ജാഗ്രതയോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നോട്ട് പോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.