മ്യന്മാറിൽ അക്രമം അവസാനിപ്പിക്കുന്നതിന് പാപ്പാ അഭ്യർത്ഥിക്കുന്നു. ബുധനാഴ്ച വത്തിക്കാനിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നല്കിയ പ്രതിവാര പൊതുദർശന പ്രഭാഷണ വേളയിലാണ് ഫ്രാൻസീസ് പാപ്പാ മ്യന്മാറിലെ നാടകീയമായ അവസ്ഥയെക്കുറിച്ച് വേദനയോടെ അനുസ്മരിച്ചുകൊണ്ട് ഈ അഭ്യർത്ഥന നടത്തിയത്.
ഫെബ്രുവരി ഒന്നിന് മ്യന്മാറിൽ സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരത്തിലേറിയതിനെ തുടർന്ന് ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ , സൈനികാധിപത്യത്തിനെതിരെ, അന്നാട്ടിൽ ആരംഭിച്ചിരിക്കുന്ന ജനകീയപ്രക്ഷോഭത്തെ സൈന്യം അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ സംജാതമായിരിക്കുന്ന നാടകീയമായ അവസ്ഥയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു:
“സ്വന്തം നാടിന് പ്രതീക്ഷയേകുന്നതിന് നിരവധിപ്പേർ, സർവ്വോപരി, യുവജനങ്ങൾ ജീവൻ നഷ്ടപ്പെടുത്തുന്ന മ്യന്മാറിലെ നാടകീയമായ അവസ്ഥയെക്കുറിച്ച് അതീവ ദുഃഖത്തോടെ ഒരിക്കൽകൂടി അനുസ്മരിക്കേണ്ടതിൻറെ അടിയന്താരാവശ്യകത എനിക്ക് അനുഭവപ്പെടുന്നു. ഞാനും മ്യന്മാറിലെ വീഥികളിൽ മുട്ടുകുത്തി യാചിക്കുന്നു, അക്രമം അവസാനിപ്പിക്കൂ. ഞാനും കൈകൾ വിരിച്ചുപിടിച്ച് പറയുന്നു: ചർച്ച പ്രബലപ്പെടട്ടെ! രക്തച്ചൊരിച്ചിലുകൾ ഒന്നിനും പരിഹാരമല്ല. ചർച്ച വിജയിക്കട്ടെ!”
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ ട്വിറ്ററിലും ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ചിട്ടുണ്ട്. മ്യാന്മാറിലെ നേതാവ് ഓംഗ് സാന്‍ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതല്‍ കുറഞ്ഞത് 149 പേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.പ്രകടനക്കാർക്കു നേരെ നിറയൊഴിക്കുകയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും ചെയ്യരുതെന്നും അവർക്കു പകരം തൻറെ ജീവനെടുത്തോളൂ എന്നും പറഞ്ഞ് കത്തോലിക്കയായ കന്യാസ്ത്രീ ആൻ നു ത്വാംഗ് (Sister Ann Rose Nu Tawng) സായുധരായ പട്ടാളക്കാരോട് വഴിയിൽ മുട്ടുകുത്തി കൈകൾ വിരിച്ചുപിടിച്ച് യാചിച്ച രംഗത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നതായിരുന്നു പാപ്പായുടെ ഈ അഭ്യർത്ഥന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.