ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടങ്ങളില്‍ ജനപ്രീതിയും പങ്കാളിത്തവും നിലനിര്‍ത്തുന്നതില്‍ ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി പ്രതിപക്ഷം മുന്നേറുന്നു. പ്രമുഖ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ കാഴ്ചക്കാരുടെ കണക്കുകളില്‍ കോണ്‍ഗ്രസ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍, ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഔദ്യോഗിക പേജുകളില്‍ റീച്ച് വലിയ തോതില്‍ കുറയുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിലാണ് ഈ വ്യത്യാസം ഏറ്റവും പ്രകടമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാര്‍ത്താ സമ്മേളനം 25 ലക്ഷത്തിലേറെ ആളുകളും ഛാത്രോം കി ഗൂഞ്ച് പരിപാടി 18 ലക്ഷം ആളുകളും കണ്ടു. എന്നാല്‍ ഇതേ കാലയളവില്‍ പ്രധാനമന്ത്രിയുടെ പേജിലെ ഒരു വീഡിയോയ്ക്ക് മാത്രമാണ് 10 ലക്ഷം കാഴ്ചക്കാരെ നേടാനായത്. ഡല്‍ഹിയില്‍ നടന്ന ഭജന്‍ ക്ലബിങ് പരിപാടിയുടെ തത്സമയ സംപ്രേഷണമായിരുന്നു അത്.
കൂടാതെ ബിജെപി വക്താക്കള്‍ നടത്തുന്ന വാര്‍ത്താ സമ്മേളന വീഡിയോകളില്‍ പലതും ഒരു ലക്ഷം കാഴ്ചക്കാരിലേക്ക് പോലും എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലും സമാനമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ഐഎന്‍സി ഇന്ത്യ അക്കൗണ്ടില്‍ വരുന്ന ഭൂരിഭാഗം വിഡിയോകളും 10 ലക്ഷത്തിലേറെ വ്യൂസ് നേടുമ്പോള്‍, ബിജെപി4 ഇന്ത്യ പേജിലെ ഉള്ളടക്കങ്ങള്‍ക്ക് ഇതിന്റെ പകുതി പോലും സ്വീകാര്യത ലഭിക്കുന്നില്ല. നിലവില്‍ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണത്തില്‍ കോക്രോച്ച് ജനതാപാര്‍ട്ടി (2.49 കോടി), കോണ്‍ഗ്രസ് (1.57 കോടി) എന്നിവയ്ക്ക് പിന്നില്‍ 99 ലക്ഷം ഫോളോവര്‍മാരുമായി മൂന്നാം സ്ഥാനത്താണ് ബിജെപി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.