ചരിത്രത്തിലാദ്യമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷയായി ഒരു കന്യാസ്ത്രീ; സിസ്റ്റർ മേരി തെരേസ ബാരണിന് ലിയോ പാപ്പയുടെ നിയമനം

ചരിത്രത്തിലാദ്യമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷയായി ഒരു കന്യാസ്ത്രീ; സിസ്റ്റർ മേരി തെരേസ ബാരണിന് ലിയോ പാപ്പയുടെ നിയമനം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷയായി അയർലണ്ട് സ്വദേശിയായ കത്തോലിക്കാ സന്യാസിനി സിസ്റ്റർ മേരി തെരേസ ബാരണിനെ ലിയോ പാപ്പ നിയമിച്ചു. വത്തിക്കാനിലെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിൽ ജോയിന്റ് സെക്രട്ടറിയെന്ന ഉത്തരവാദിത്വവും ഈ പദവിക്കൊപ്പം സിസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.

'മിഷ്ണറീസ് ഓഫ് ഔർ ലേഡി ഓഫ് ദ അപ്പോസ്തൽസ്' സന്യാസിനി സമൂഹാംഗമാണ് സിസ്റ്റർ മേരി തെരേസ. സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചുവരവെയാണ് വത്തിക്കാൻ കൂരിയയിലെ ഈ ഉന്നത പദവിയിലേക്ക് സിസ്റ്റർ നിയമിതയാകുന്നത്. 2027 ജനുവരി നാലിന് സിസ്റ്റർ മേരി ഔദ്യോഗികമായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

1968 നവംബർ ഏഴിന് അയർലണ്ടിലെ ഡൊനെഗാളിലാണ് സിസ്റ്റർ മേരി ജനിച്ചത്. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിന്ന് ‘പബ്ലിക് ഹെൽത്ത്‌ കെയർ അഡ്മിനിസ്ട്രേഷനിൽ’ മാസ്റ്റർ ബിരുദം. ഡബ്ലിനിലെ കിമ്മേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ‘ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ’ മാസ്റ്റർ ബിരുദം.

ആഗോള മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠന-രേഖാ സംവിധാനമായ 'സർവീസ് ഓഫ് ഡോക്യുമെന്റേഷൻ ആൻഡ് സ്റ്റഡി ഓൺ ഗ്ലോബൽ മിഷൻ' ന്റെ അധ്യക്ഷയായി 2022 മുതൽ 2025 വരെ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2023 മുതൽ 2025 വരെ സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ യൂണിയന്റെ പ്രസിഡന്റായും തിളക്കമാർന്ന സേവനം കാഴ്ചവെച്ചു.

നൂറ്റിയിരുപതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ മിഷ്ണറി ശൃംഖലയെ നയിക്കുന്ന ആദ്യ വനിതയെന്ന ചരിത്ര നേട്ടത്തോടൊപ്പം റോമൻ കൂരിയയിലെ ഏറ്റവും ഉന്നത പദവികളിലൊന്ന് അലങ്കരിക്കുന്ന വനിതകളിൽ ഒരാളായും സിസ്റ്റർ മേരി തെരേസ ഇതിനോടകം മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.