മുംബൈ: ഒരാളെ മതംമാറാന് പ്രേരിപ്പിക്കുന്നതും സ്വന്തം മതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതും മറ്റൊരു വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിനോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോ തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര് ബെഞ്ച് വ്യക്തമാക്കി. ക്രൈസ്തവ മതത്തിലേക്ക് മാറാന് നിര്ബന്ധിച്ചെന്നാരോപിച്ച് അമരാവതി സ്വദേശികളായ ജോസഫ് ഖുദാവന്ത്, വിക്ടര് ഖുദാവന്ത്, എല്വിന ഖുദാവന്ത്, സാമൂഹിക പ്രവര്ത്തകനായ അനന്ത് മങ്കര് എന്നിവര്ക്കെതിരെ ചുമത്തിയ കേസും കുറ്റപത്രവും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം.ഡബ്ല്യു ചന്ദ്വാനി ഉത്തരവിട്ടത്.
ഹിന്ദു ദമ്പതികളെ ക്രിസ്തുമതത്തിലേക്ക് മാറ്റാന് മാസം തോറും സാമ്പത്തിക സഹായം നല്കാം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാം, വീട് നിര്മിച്ച് നല്കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള് ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന് ആരോപണം. എന്നാല് സ്വന്തം മതം പ്രചരിപ്പിക്കുക മാത്രമാണ് പ്രതികള് ചെയ്തതെന്നും അതില് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തണമെന്ന ദുരുദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ ആരോപണങ്ങള് പൂര്ണമായും ശരിയാണെങ്കില്പ്പോലും അത് മതവിശ്വാസത്തെ ബോധപൂര്വം അപമാനിക്കുന്ന വകുപ്പുകള്ക്ക് കീഴില് കുറ്റകരമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സംഭവം നടന്ന സമയത്ത് മഹാരാഷ്ട്രയില് നിര്ബന്ധിത മതപരിവര്ത്തന വിരുദ്ധ നിയമം പ്രാബല്യത്തില് ഉണ്ടായിരുന്നില്ലെന്നും കോടതി ഓര്മിപ്പിച്ചു. നിയമവിരുദ്ധ മതപരിവര്ത്തനം തടയുന്നതിനുള്ള പുതിയ സംസ്ഥാന നിയമം 2026 ഓഗസ്റ്റ് 28 നാണ് നിലവില് വന്നത്. പഴയ നിയമവ്യവസ്ഥ പ്രകാരം സാമ്പത്തിക വാഗ്ദാനം നല്കിയുള്ള മതപ്രചാരണം മാത്രം അടിസ്ഥാനമാക്കി ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെ അധിക്ഷേപിച്ച് എന്ന് പറയാനാകില്ലെന്നും, അതിനായി വ്യക്തമായ ദുരുദ്ദേശ്യം തെളിയിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി നാല് പേര്ക്കുമെതിരെയുള്ള നടപടികള് പൂര്ണമായി റദ്ദാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.