ഇറാന്റെ ഖേഷം ദ്വീപിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം; സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

ഇറാന്റെ ഖേഷം ദ്വീപിന് നേരെ അമേരിക്കയുടെ  വ്യോമാക്രമണം; സൈനിക നടപടി  ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

ടെഹ്റാന്‍: ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാന് നേരെ വീണ്ടും അമേരിക്കയുടെ ആക്രമണം. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് സൈനിക നടപടി.

ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഖേഷം ദ്വീപിന് നേരെയാണ് ആക്രമണം നടന്നത്. ഇറാനില്‍ പലയിടങ്ങളിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ ഔദ്യോദിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ഖേഷം ദ്വീപില്‍ നിന്ന് തുടരെ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന് മുകളില്‍ രണ്ട് വിമാനങ്ങള്‍ പറക്കുന്നതായി കണ്ടെന്ന് പ്രാദേശിക വാസികള്‍ പറഞ്ഞു.

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. അതിനിടെയാണ് ആക്രമണം.

2026 ഫെബ്രുവരി 28 നാണ് ഇറാന് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി സൈനിക നടപടി ആരംഭിച്ചത്. ഈയടുത്ത ആഴ്ചകളില്‍ ഇറാന് നേര്‍ക്ക് യുഎസ് രഹസ്യമായി നടത്തുന്ന നിയന്ത്രിത ആക്രമണങ്ങളില്‍ ഒടുവിലത്തേതാണ് ഇതെന്നാണ് സൂചന.

ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ച് എംക്യു-9 ഡ്രോണ്‍ ഉള്‍പ്പെടെ മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവെച്ചു വീഴ്ത്തിയെന്ന് ഐആര്‍ജിസി കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ആക്രമണമുണ്ടായിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.