ടെഹ്‌റാന്‍: ബ്രിട്ടനുമായി നിലനില്‍ക്കുന്ന നയതന്ത്ര പോര് പുതിയ തലത്തിലേക്ക്. ബ്രിട്ടീഷ് റോയല്‍ നേവിയെയും റോയല്‍ എയര്‍ഫോഴ്‌സിനെയും ഇറാന്‍ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് തീരുമാനം പുറത്തുവിട്ടത്. ഇതിനുപുറമെ ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗമായ എം.ഐ.ആറിനെ ശത്രു സംഘടനയായും ടെഹ്‌റാന്‍ ഔദ്യോഗികമായി മുദ്ര കുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ശത്രുതാപരമായ സമീപനങ്ങളാണ് ഈ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് ഇറാന്റെ വാദം. യുദ്ധ കാലങ്ങളില്‍ ബ്രിട്ടന്റെ ഭൂ പ്രദേശത്തുള്ള സൈനിക, ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ സേനയ്ക്ക് അനുമതി നല്‍കിയതും കഴിഞ്ഞ ജൂലൈയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ബ്രിട്ടന്‍ സ്റ്റേറ്റ് ത്രെറ്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാര വൃത്തി അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കര്‍ശനമായ ഇറാനിയന്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി എം.ഐ ആറിനെതിരെ നടപടികള്‍ സ്വീകരിക്കുക.
ബ്രിട്ടനിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ ഇറാന്റെ പങ്കാളിത്തമുണ്ടെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേര്‍ണാമിന്റെ ആരോപണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിട്ടുള്ളത്. ഇറാന് എതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്ന പ്രധാന താവളങ്ങളിലൊന്നായിരുന്നു ഫെയര്‍ഫോര്‍ഡ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ രണ്ട് പ്രതികള്‍ വിചാരണ നേരിടുകയും സുരക്ഷാ കാരണങ്ങളാല്‍ വ്യോമസേനാ താവളത്തില്‍ നിന്നും വിമാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഫെയര്‍ഫോര്‍ഡിലെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഇറാനില്‍ നിന്ന് ഏകോപിപ്പിച്ചതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരോപിച്ചെങ്കിലും, ലണ്ടനിലെ ഇറാനിയന്‍ അംബാസഡര്‍ ഈ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ് ഉണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംഭവ വികാസങ്ങള്‍ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.