ബെര്‍ലിന്‍: ജര്‍മനിയിലും ജെന്‍സി പ്രതിഷേധം. വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിച്ചുരുക്കല്‍, ജീവിതച്ചെലവ് വര്‍ധന, സൈനിക സേവനം നിര്‍ബന്ധമാക്കല്‍ തുടങ്ങിയവയ്ക്കെതിരേ ആയിരക്കണക്കിന് യുവാക്കളാണ് ശനിയാഴ്ച വിവിധ നഗരങ്ങളില്‍ പ്രതിഷേധിച്ചത്.
പല നഗരങ്ങളിലെയും പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും കടകള്‍ കൊള്ളയടിക്കപ്പെടുകയും പോലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. മുഖംമൂടിയണിഞ്ഞാണ് പലയിടത്തും പ്രതിഷേധക്കാര്‍ എത്തിയത്.
'Gen Z regetl' എന്ന ക്യാമ്പയിന് ഗ്രൂപ്പാണ് ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങി 34 നഗരങ്ങളിലായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ഫ്രാന്‍സും ഇറ്റലിയും ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ യുവജന പ്രതിഷേധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ജര്‍മനിയിലും പ്രതിഷേധം.
പകല്‍ സമയത്ത് പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും വൈകുന്നേരം പിരിഞ്ഞു പോകാന്‍ ചില സംഘങ്ങള്‍ വിസമ്മതിച്ചതോടെയാണ് ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധം അക്രമാസക്തമായതോടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്നും മറ്റ് ചിലതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാംബര്‍ഗില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീവെച്ചു.
പ്രതിഷേധക്കാരില്‍ ചിലര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലും സ്ഫോടക വസ്തുക്കളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. ഇതോടെ അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചു.
പ്രതിഷേധത്തില്‍ തീവ്രനിലപാടുകാര്‍ നുഴഞ്ഞുകയറിയതാണ് വ്യാപകമായ അക്രമങ്ങള്‍ കാരണമെന്ന് പോലീസ് പറഞ്ഞു. നിര്‍ബന്ധിത സൈനിക സേവനത്തിനെതിരേ പ്രതിഷേധിക്കുകയും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മറ്റ് പൊതുസേവനങ്ങള്‍ എന്നിവയ്ക്കായി കൂടുതല്‍ നിക്ഷേപം ആവശ്യപ്പെടുകയും ചെയ്യുന്ന യുവജനങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ളത്.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയില്‍ ജീവിതച്ചെലവ് വര്‍ധിച്ചു വരുന്നത് താങ്ങാനാകാത്ത സാഹചര്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.