ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ താഴെ വീഴുമെന്ന് എബിപി-ന്യൂസ് സി വോട്ടർ അഭിപ്രായ സർവ്വേ. സംസ്ഥാനത്ത് ബിജെപി ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് കോൺഗ്രസിനെ അധികാരത്തിലേറാൻ സഹായിക്കുമെന്നും സർവ്വേ പറയുന്നു.
ഉത്തരാഖണ്ഡിൽ അടുത്ത വർഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതത്തിൽ 8.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുമെന്ന് സർവ്വേ പറയുന്നു. അതേസമയം കോൺഗ്രസിന് 7.3 ശതമാനം വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ വ്യക്തമാക്കുന്നു. നിലവിൽ 57 സീറ്റുകളാണ് സംസ്ഥാനത്ത് ബിജെപിക്ക് ഉള്ളത്. ഇത് കുത്തനെ ഇടിയുമെന്ന് സർവ്വേ പറയുന്നു. അതേസമയം കോൺഗ്രസ് 11 ൽ 35 ലേക്ക് സീറ്റ് വർധിപ്പിക്കും. ആം ആദ്മി പാർട്ടിക്ക് അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നും സർവ്വേ പറയുന്നു.
പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഈ മാസം രാജിവെച്ചിരുന്നു. ത്രിവേന്ദ്ര സിംഗിന്റെ പ്രവർത്തനത്തിനെതിരെ ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാർ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ത്രിവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നേരിട്ടാൽ പരാജയമാകും ഫലം എന്ന മുന്നറിയിപ്പായിരുന്നു എംഎൽഎമാർ നൽകിയിരുന്നത്. തുടർന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടായിരുന്നു രാജി. തീർത്ഥ് സിംഗ് ആണ് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി.2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 57 സീറ്റും നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.