'വോട്ട് ചോരി' ആരോപണത്തില്‍ അന്വേഷണമില്ല; പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍: രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

'വോട്ട് ചോരി' ആരോപണത്തില്‍ അന്വേഷണമില്ല; പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍:  രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍.

വോട്ട് മോഷണം നടന്നു എന്ന ആക്ഷേപം തള്ളിയ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. വോട്ടുകൊള്ള ആരോപണങ്ങളില്‍ അന്വേഷണമില്ലെന്നും പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് പക്ഷഭേദമില്ല. കമ്മീഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. വോട്ടുകൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. കമ്മീഷന്‍ ആരെയും ഭയപ്പെടുന്നില്ല. തോക്കു ചൂണ്ടി ആരും വിരട്ടാനും ശ്രമിക്കേണ്ട. രാഹുല്‍ ഗാന്ധി ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതിയില്ലെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.

വോട്ടുചോരി ആരോപണം അപകടകരമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ട്. വോട്ടര്‍മാരുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. ചിത്രം വീഡിയോയില്‍ നല്‍കുന്നത് അനുമതിയില്ലാതെയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് മോഷണ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനവുമായി രംഗത്തെത്തിയത്. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ 'വോട്ട് അധികാര്‍' യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വോട്ടുചോര്‍ച്ചാ തെളിവുകള്‍ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.