'സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണോ'?.. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ മുഖം രക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സദാചാര പ്രഹസനം

'സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണോ'?..  രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ മുഖം രക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സദാചാര പ്രഹസനം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുകൊള്ള ആരോപണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതോടെ സമ്മര്‍ദ്ദത്തിലായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാനായില്ല.

വോട്ടര്‍മാരുടെ ഒപ്പമാണെന്ന് കാണിച്ച് വൈകാരികത മുതലെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പു കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മീഷനോ വോട്ടര്‍മാരോ ഭയപ്പെടുന്നില്ലെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കൊപ്പമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭരണ കക്ഷിയും പ്രതിപക്ഷവും തമ്മില്‍ വ്യത്യാസമില്ലെന്നും വോട്ടര്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് 'അമ്മമാരുടെയും പെണ്‍മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കിടണോ' എന്ന വിചിത്രമായ മറുചോദ്യമാണ് ഗ്യാനേഷ് കുമാര്‍ മറുപടിയായി നല്‍കിയത്.

വോട്ടര്‍മാരുടെ ഫോട്ടോ പുറത്തു കാണിച്ചതും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വലിയ ചര്‍ച്ചയായതോടെയാണ് സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമോയെന്ന തരത്തില്‍ കമ്മീഷന്റെ സദാചാര പ്രഹസനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു കോടിയിലധികം ജീവനക്കാര്‍, പത്ത് ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, ഇരുപത് ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നില്‍, ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍ ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യവും കമ്മീഷന്‍ ഉന്നയിച്ചു.

ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചുവെന്നും എന്നാല്‍ തെളിവ് ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളില്‍ ഉരുണ്ടുകളിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷനോ മറ്റ് വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നു ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

ചുരുക്കത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച പല ആക്ഷേപങ്ങള്‍ക്കും കൃത്യമായ മറുപടി പറയാതെ വോട്ടര്‍മാരെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.