കോവിഡ് പിസിആർ ടെസ്റ്റ്; അറിയാം പുതിയ നിർദ്ദേശങ്ങള്‍

കോവിഡ് പിസിആർ ടെസ്റ്റ്; അറിയാം പുതിയ നിർദ്ദേശങ്ങള്‍

ദുബായ്: യുഎഇയില്‍ അഞ്ച് മേഖലകളില്‍ ജോലിചെയ്യുന്നവർക്ക് കോവിഡ് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. വാക്സിനെടുക്കാത്തവർക്കാണിത് ബാധകമാവുക. 14 ദിവസം കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശം.

ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗതം, ആരോഗ്യം, അതോടൊപ്പം തന്നെ ലോണ്ട്രികള്‍, ബ്യൂട്ടി ആന്റ് ഹെയർ സലൂണുകള്‍ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർക്കാണ് 14 ദിവസം കൂടുമ്പോഴുളള പരിശോധന നിർബന്ധമാക്കിയത്. മാർച്ച് 28 മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്.

അതേസമയം അബുദാബിയില്‍ സുപ്രധാന മേഖലകളില്‍ ജോലിചെയ്യുന്ന സ്വകാര്യജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോഴുളള പിസിആർ ടെസ്റ്റ് വേണം. ജീവനക്കാ‍ർക്ക് ടെസ്റ്റ് സൗജന്യമായി എടുക്കാം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്. വാക്സിനെടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കല്‍ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം. നേരത്തെ ഷാർജയും അജ്മാനും സുപ്രധാനമേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ആഴ്ചയിലൊരിക്കലുളള കോവിഡ് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. ഇതിനിടെ പളളികളില്‍ സ്ത്രീകള്‍ക്കുളള പ്രാർത്ഥനാമുറികള്‍ മാർച്ച് 26 മുതല്‍ പുരുഷന്മാർക്കായി തുറന്നുകൊടുക്കാനും തീരുമാനമായി. വെള്ളിയാഴ്ച പ്രാർത്ഥനകളില്‍ സാമൂഹിക അകലം പാലിക്കാനുളള സൗകര്യം കണക്കിലെടുത്താണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.