ന്യൂഡല്‍ഹി: ട്രെയിനില്‍ ക്രൈസ്തവ സന്യാസിനികള്‍ക്കു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കന്യാസ്ത്രീകള്‍ മാതൃകയാണെന്നും ഭാരതം അവരില്‍നിന്നും പഠിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശില്‍വെച്ച് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'ദി വീക്ക്' മാഗസിന്റെ ഓണ്‍ലൈന്‍ എഡിഷനിലെ ഒപ്പിനിയന്‍ കോളത്തില്‍ എഴുതിയ ലേഖനത്തിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഇക്കാര്യം കുറിച്ചത്.
സന്തോഷവും ആനന്ദവും ഉപേക്ഷിച്ച് പ്രതിഫലേച്ഛ കൂടാതെ ജീവിതകാലം മുഴുവനും സമൂഹത്തിനു വേണ്ടി സേവനമനുഷ്ടിച്ച് ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ബജ്രംഗ്ദള്‍ ഗുണ്ടകളുടെയും ഉത്തര്‍പ്രദേശ് പോലീസിന്റെയും ഹീനമായ ഈ പ്രവര്‍ത്തി രാജ്യത്തിന് അപമാനകരമാണെന്നും കട്ജു കുറിച്ചു.
വിദ്യാഭ്യാസ ആരോഗ്യപരിപാലന മേഖലകളിലൂടെ സമൂഹത്തിനു മികച്ച സേവനം നല്‍കുന്നവരാണ് കന്യാസ്ത്രീകള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഗേള്‍സ് സ്‌കൂളുകള്‍ നടത്തുന്നത് ക്രൈസ്തവ സന്യാസിനികളാണ്. എല്ലാവരും തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കന്യാസ്ത്രീമാര്‍ നടത്തുന്ന സ്‌കൂളുകളിലാണെന്നും അവര്‍ നടത്തുന്ന ആതുരാലയങ്ങള്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത മതപരിവര്‍ത്തനത്തിന്റെ പേരില്‍ കന്യാസ്ത്രീമാര്‍ക്കെതിരേ ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ പാടില്ലാത്തതാണ്.
കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന് പറഞ്ഞ കട്ജു കോണ്‍വെന്റ് സ്‌കൂളുകളില്‍ തങ്ങളുടെ മക്കള്‍ക്കും സ്വന്തക്കാര്‍ക്കും പ്രവേശനം തരപ്പെടുത്താന്‍ മുനിസിപ്പല്‍ അധികാരികള്‍ മുതല്‍, ഇന്‍കം ടാക്‌സ്, പോലീസ് ഓഫീസര്‍മാര്‍ വരെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന സമ്മര്‍ദങ്ങളെക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ സന്യാസിനികള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഓരോ സീറ്റിനും പ്രവേശനത്തിന് 10 അല്ലെങ്കില്‍ 20 അപേക്ഷകള്‍ ഉണ്ടായിരിക്കും. പ്രവേശനത്തിനായി മത്സര പരീക്ഷ നടത്തും. ഒരു ഉദ്യോഗസ്ഥന്റെ മക്കളില്‍ ആരെങ്കിലും പരാജയപ്പെട്ടാല്‍, അയാള്‍ സ്‌കൂളിലെ കന്യാസ്ത്രീകള്‍ക്ക് നേരെ തിരിയുമെന്ന് അദ്ദേഹം കുറിച്ചു. ഇതിനുള്ള ഉദാഹരണവും അദ്ദേഹം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
ഒരിക്കല്‍ മുനിസിപ്പല്‍ അധികൃതര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എവ്ലീന് ഒരു നോട്ടീസ് അയച്ചതായി ഞാന്‍ ഓര്‍ക്കുന്നു. സ്‌കൂള്‍ നിലം അനധികൃതമായി കൈവശപ്പെടുത്തിയെന്നു അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണം തീര്‍ത്തും തെറ്റായിരിന്നു. മറ്റൊരു അവസരത്തില്‍, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ടാക്‌സ് നോട്ടീസ് അയച്ചു. അയാളുടെ മകള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതികരണമായിരിന്നു അത്. കന്യാസ്ത്രീകള്‍ സുരക്ഷിതരല്ലാത്തതിനാല്‍ അവര്‍ക്ക് പോലീസ് അധികാരികള്‍ അടക്കമുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നുണ്ടെന്നും കട്ജു കുറിച്ചു.
കന്യാസ്ത്രീകള്‍ മാതൃകയാക്കപ്പെടേണ്ടവരാണെന്നും അവരെ അപമാനിക്കുന്നതിനു പകരം ബഹുമാനിക്കുകയും, അവരില്‍ നിന്നും പഠിക്കുകയുമാണ് വേണ്ടതെന്നു പറഞ്ഞുകൊണ്ടാണ് കട്ജുവിന്റെ ലേഖനം അവസാനിക്കുന്നത്. 2016-ല്‍ മദര്‍ തെരേസയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ വ്യക്തിയാണ് കട്ജു. എന്നാല്‍ കന്യാസ്ത്രീകളോട് ആദരവോടെയുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.