സ്ഥാപനങ്ങളും സംഘടനകളും കൈവശം വച്ചിട്ടുള്ള ഭൂമി പതിച്ച് നല്‍കല്‍; മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍

സ്ഥാപനങ്ങളും സംഘടനകളും കൈവശം വച്ചിട്ടുള്ള ഭൂമി പതിച്ച് നല്‍കല്‍; മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍, കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ മതിയായ രേഖകളില്ലാതെ കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ച് നല്‍കാനുള്ള മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍. 2020 ജനുവരി 29 ന് പതിച്ച് നല്‍കലിന് വേണ്ടി ഇറക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ അശാസ്ത്രീയമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയത്.

പുതിയ വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും പതിച്ചു നല്‍കാവുന്ന പരമാവധി ഭൂമി ഒരേക്കര്‍ ആയിരിക്കും. ഈ സ്ഥാപനങ്ങള്‍ 1990 ജനുവരി ഒന്നിന് മുമ്പ് നിലവിലുള്ളവയും ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയും ആയിരിക്കണം. മറ്റ് സംഘടനകള്‍ 2020 ജനുവരി 29 ലും തുടര്‍ന്നും പ്രവര്‍ത്തനവും രജിസ്‌ട്രേഷന്‍ ഉള്ളവയും ഈ തിയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷത്തെയെങ്കിലും വരവ് ചെലവ് കണക്കുകള്‍ പാസാക്കിയിട്ടുള്ളവയും ആയിരിക്കണം. സ്ഥാപനമോ സംഘടനയോ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപേക്ഷിക്കുന്ന വസ്തുവില്‍ 2008 ഓഗസ്റ്റ് 25 തിയതിയില്‍ നിലവലുണ്ടായിരിക്കണം.

പതിച്ചു നല്‍കാവുന്ന പരമാവധി വിസ്തീര്‍ണ്ണം

ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍:ഗ്രാമപഞ്ചായത്ത് -50 സെന്റ്, മുനിസിപ്പാലിറ്റി -25 സെന്റ്, കോര്‍പ്പറേഷന്‍ -അഞ്ച് സെന്റ്. കലാകായിക, സാംസ്‌കാരിക, സാമുദായിക സംഘടനകള്‍, വായനശാലകള്‍ എന്നിവയ്ക്ക് ഇത് യഥാക്രമം 15,10, അഞ്ച് സെന്റ് എന്നിങ്ങനെയാണ്.

നിബന്ധന പ്രകാരമുള്ള ഭൂമി ചുവടെ പറയുന്ന കാലയളവിലെ കൈവശമാണെങ്കില്‍ ഇതോടൊപ്പമുള്ള തുക ഈടാക്കി പതിച്ചു നല്‍കാം.

സെറ്റില്‍മെന്റ് രജിസ്റ്ററില്‍ നിലവിലെ കൈവശക്കാരന്റെ പേര്‍ ഉള്‍പ്പെട്ട് വന്നാല്‍ നിലവിലെ ഫെയര്‍വാല്യുവിന്റെ അഞ്ച് ശതമാനം തുക.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൈവശം -നിലവിലെ ഫെയര്‍വാല്യുവിന്റെ 10 ശതമാനം

സ്വാതന്ത്ര്യത്തിന് ശേഷവും കേരളപ്പിറവിക്ക് മുമ്പുമാണെങ്കില്‍ ഫെയര്‍വാല്യുവിന്റെ 25 ശതമാനം.

കേരളപ്പിറവിക്ക് ശേഷവും 1990 ജനുവരി ഒന്നിന് മുമ്പ് ഫെയര്‍വാല്യുവിന്റെ 50 ശതമാനം.

1990 ജനുവരി ഒന്നിന് ശേഷവും 2000 ജനുവരി ഒന്നിന് മുമ്പുമാണെങ്കില്‍ ഫെയര്‍വാല്യു.

2000 ജനുവരി ഒന്നിന് ശേഷവും ഒഗസ്റ്റ് 25 ന് മുമ്പുമാണെങ്കില്‍ കമ്പോള വില.

ഭൂമി കൈവശം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ റവന്യൂരേഖകളോ, ആധാരത്തിന്റെ പകര്‍പ്പോ, കൈവശ രേഖയുടെ പകര്‍പ്പോ, രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങളോ നിയമാനുസൃത ഉടമ്പടികളോ, കെട്ടിടങ്ങള്‍ ഉള്ള ഭൂമിയാണെങ്കില്‍ കെട്ടിടനികുതി രസീതോ മതിയാവും.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പതിച്ചു നല്‍കുന്ന ഭൂമി അതേ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതും പിന്നീട് മറ്റാവശ്യങ്ങള്‍ക്കായി കൈമാറാന്‍ പാടില്ലാത്തതുമാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.