ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) ഘടനയില്‍ കേന്ദ്രത്തിന്റെ വന്‍ പൊളിച്ചെഴുത്ത്. നേരത്തേ 12 ശതമാനം സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം സ്ലാബ് കൂടി ഒഴിവാക്കാനാണ് ഇപ്പോള്‍ നീക്കം. ജിഎസ്ടിയില്‍ രണ്ട് സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ജിഎസ്ടിയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയുമായ ജിഎസ്ടി കൗണ്‍സിലാണെങ്കിലും രണ്ട് സ്ലാബ് ഘടനയ്ക്കായി കേന്ദ്രം ശുപാര്‍ശ ചെയ്യും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ്, മെറിറ്റ് എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം.
അതായത് 12 ശതമാനം, 28 ശതമാനം എന്നിവ ഒഴിവാക്കി അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ നിലനിര്‍ത്തും. 12 ശതമാനം സ്ലാബിലെ നിത്യോപയോഗ സാധനങ്ങള്‍, സേവനങ്ങള്‍ മിക്കവയും അഞ്ച് ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും. ജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അത് വന്‍ നേട്ടമാകും.
28 ശതമാനം സ്ലാബിലെ ഉല്‍പന്ന-സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്ക് മാറ്റുന്നതോടെ അവയുടെ വിലയും താഴുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകും. 28 ശതമാനം സ്ലാബിലെ 90 ശതമാനം ഉല്‍പന്ന-സേവനങ്ങളെയും 18 ശതമാനത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള അത്യാഡംബര ഉല്‍പന്ന-സേവനങ്ങളെ 40 ശതമാനം എന്ന സ്‌പെഷല്‍ സ്ലാബ് സൃഷ്ടിച്ച് അതിലേക്ക് മാറ്റുമെന്നും സൂചനകള്‍ ഉണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.