സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കപ്പല്‍ നീക്കാന്‍ കഠിനശ്രമം തുടരുന്നു; 'ട്രാഫിക് ബ്ലോക്കില്‍'പെട്ട് 200ലേറെ കപ്പലുകള്‍

സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കപ്പല്‍  നീക്കാന്‍ കഠിനശ്രമം തുടരുന്നു; 'ട്രാഫിക് ബ്ലോക്കില്‍'പെട്ട്  200ലേറെ കപ്പലുകള്‍

കയ്‌റോ: ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലിന് കുറുകെ നാലു ദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന ചരക്ക് കപ്പല്‍ നീക്കാനുള്ള കഠിനശ്രമം തുടരുന്നു. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവര്‍ഗ്രീന്‍' ആണ് കാറ്റില്‍ ഉലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ കുടുങ്ങിക്കിടക്കുന്നത്. എണ്ണമറ്റ മനുഷ്യരും യന്ത്രങ്ങളുമാണ് കപ്പല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 200ലേറെ കപ്പലുകള്‍ കനാലിന്റെ ഇരുവശങ്ങളിലുമായി പോകാന്‍ കാത്തുകിടക്കുകയാണ്.

കപ്പലുകളുടെ എണ്ണം കൂടുന്നത് ആഗോള ചരക്കു ഗതാഗതത്തെ ബാധിക്കുന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഏഷ്യയില്‍നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള വഴി നാലാം ദിവസവും അടഞ്ഞുതന്നെ കിടക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 7.45-നാണ് കനാലില്‍ കപ്പല്‍ കുടുങ്ങിയത്. വെള്ളിയാഴ്ചയിലെ കണക്കുകള്‍ പ്രകാരം 237 കപ്പലുകളാണ് ഇരുവശങ്ങളിലുമായി കനാല്‍ തുറക്കാന്‍ കാത്തുകഴിയുന്നത്.

ആഗോള വ്യാപാരത്തിന്റെ 12 ശതമാനം വരുന്ന പാത എന്നു തുറക്കാനാവുമെന്ന് ഇതുവരെയും പറയാറായിട്ടില്ല. ശനിയാഴ്ച വൈകീട്ടോടെ കപ്പല്‍ വീണ്ടും ഗതാഗത യോഗ്യമാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കപ്പല്‍ ഉടമയായ ഷോയ് കിസെന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ അത് ആഴ്ചകളെടുക്കാമെന്നും കമ്പനി തന്നെ പറയുന്നു.

തായ്‌വാന്‍ ആസ്ഥാനമായ എവര്‍ഗ്രീന്‍ മറൈനു കീഴിലുള്ള കപ്പലിന്റെ അസാധാരണ നീളമാണ് ഏറ്റവും വലിയ വില്ലന്‍. ശരാശരി 200 മീറ്ററിലേറെ വീതിയുള്ള കനാലില്‍ 400 മീറ്ററുള്ള കപ്പലാണ് വിലങ്ങനെ കിടക്കുന്നത്. നാലു ഫുട്ബാള്‍ മൈതാനങ്ങളുടെ അത്രയും നീളമുണ്ടിതിന്. നിറയെ ചരക്കായതിനാല്‍ എളുപ്പം രക്ഷപ്പെടുത്തലും അസാധ്യം.

ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് ചരക്കുകപ്പല്‍ വലിച്ച് നേരെയാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം വിജയിച്ചിട്ടില്ല. ഇതുകൂടാതെ കനാലിന്റെ ഇരുവശത്തും ഡ്രെഡ്ജിങ്, ഭാരം കുറയ്ക്കല്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് പരീക്ഷിക്കുന്നത്. ഒമ്പത് ടഗ് ബോട്ടുകള്‍ ഇതിനകം കപ്പലിന്റെ ഇരുവശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഇരുവശത്തും കപ്പല്‍ ആഴത്തില്‍ പുതഞ്ഞുകിടക്കുന്നതിനാല്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് വലിച്ചുനീക്കല്‍ എളുപ്പമല്ല. അതിനാല്‍ ഇരുവശങ്ങളിലും എസ്‌കവേറ്റര്‍ ഉപയോഗിച്ചും അല്ലാതെയും ഡ്രെഡ്ജിങ് പുരോഗമിക്കുകയാണ്. മൂന്ന് ഡ്രെഡ്ജറുകള്‍ ഇതിനകം സേവനത്തിനെത്തിയിട്ടുണ്ട്.



നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബോസ്‌കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. 2015ലാണ് അവസാനമായി കനാല്‍ വീതി കൂട്ടിയത്. കപ്പലിലെ രണ്ടു ലക്ഷം ടണ്‍ ചരക്കും ഇന്ധനവും നീക്കം ചെയ്യാന്‍ ആലോചിച്ചുവരികയാണ്. എവര്‍ഗ്രീനില്‍ മാത്രം 20,000 കണ്ടെയ്‌നറുകള്‍ കയറ്റാനാകും. ഇവയത്രയും മാറ്റാന്‍ സമയമേറെ വേണ്ടി വരും. കൃത്യമായി ഇരുവശത്തും ഭാരം സമീകരിച്ചില്ലെങ്കില്‍ മറിയാന്‍ വരെ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു

കനാല്‍ കടക്കാതെ നിന്ന മറ്റു കപ്പലുകള്‍ മറ്റു വഴികളിലേക്കു മാറി സഞ്ചരിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാല്‍ വഴി പ്രതിദിനം 960 കോടി ഡോളര്‍ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടല്‍. അതത്രയും കെട്ടിക്കിടക്കുന്നത് എണ്ണയ്ക്കു മാത്രമല്ല, മറ്റു അവശ്യ വസ്തുക്കള്‍ക്കും വില കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. 24 എണ്ണ ടാങ്കറുകള്‍ മാത്രം കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. വസ്ത്രം, ഫര്‍ണിച്ചര്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്‌പെയര്‍ പാര്‍ടുകള്‍ തുടങ്ങി ചരക്കുകപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത് പലവിധ വസ്തുക്കള്‍. ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പുവഴി കപ്പലുകള്‍ തിരിച്ചുവിടാനാണ് കമ്പനികള്‍ പരിഗണിക്കുന്നത്. എന്നാല്‍, ചെലവ് ഇരട്ടിയാക്കുമെന്നത് പലരെയും കാത്തുനില്‍ക്കാനും പ്രേരിപ്പിക്കുന്നു. ആഗോള വ്യാപാരത്തിന്റെ 80 ശതമാനവും നടക്കുന്നത് കടല്‍വഴിയാണ്.

അതേസമയം, ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാം തന്നെ സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് പുറമേ ഈജിപ്തുകാരായ രണ്ട് പൈലറ്റുമാരും കപ്പലിലുണ്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് കപ്പലിനെ നിയന്ത്രിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ജപ്പാനില്‍ നിര്‍മിച്ച കപ്പലിന് രണ്ടു ലക്ഷം ടണ്‍ ചരക്കുശേഷിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.