അബുദാബി: അന്യയാത്രാക്കാരുടെ ലഗേജുകള്‍ സ്വീകരിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യുഎഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കി. ലഗേജുകള്‍ക്കുളളിലെ സാധനങ്ങള്‍ എന്താണെന്നറിയാതെ അതുമായി യാത്രചെയ്ത് കുഴപ്പത്തിലാകരുത്. സുരക്ഷിയാത്രയാണ് ലക്ഷ്യമെങ്കില്‍ ഇത്തരം പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ബാഗുകളുടെ ഉള്ളിലെന്താണെന്ന് അറിയാതെ വാങ്ങുന്നതും പരസ്പരം മാറ്റുന്നതും നല്ല പ്രവണതയല്ല. സുഹൃത്തുക്കളില്‍ നിന്നാണെങ്കിലും നല്ല ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെങ്കില്‍ പോലും അത്തരം പ്രവൃത്തികളില്‍ ഏർപ്പെടരുത്. യുഎഇ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ ലഗേജുകളിലുണ്ടെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
നിരോധിത വസ്തുക്കള്‍
ലഹരിമരുന്ന്, ചൂതാട്ടത്തിനുളള വസ്തുക്കള്‍- മെഷീനുകള്‍, മീന്‍ പിടിക്കുന്നതിനുളള നൈലോണ്‍ വല, പന്നിവർഗത്തില്‍ പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ലേസർ പേന, വ്യാജ കറൻസി, ആണവായുധ വസ്തുക്കൾ, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങൾ-ചിത്രങ്ങൾ- മറ്റു പ്രസിദ്ധീകരണങ്ങൾ, ശിൽപങ്ങൾ, പാൻ, വെറ്റില, എന്നിവയാണ്. ഒരു കാരണവശാലും തങ്ങളുടെ ലഗേജില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ലെന്ന് യാത്രയ്ക്ക് മുന്‍പ് ഉറപ്പിക്കണം.
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വളർത്തു മൃഗങ്ങള്‍, മദ്യം, സൗന്ദര്യവർദ്ധക- സംരക്ഷണ ഉല്‍പന്നങ്ങള്‍, ചെടി, വളം, ആയുധം, പുതിയ ടയറുകള്‍, വെടിമരുന്നുകള്‍, സംസ്കരിച്ചെടുക്കാത്ത വജ്രം തുടങ്ങിയവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ കൊണ്ടുവരാം.
യുഎഇയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നവ
സിനിമ പ്രൊജക്ടർ, റേഡിയോ, സിഡി പ്ലെയർ, ഡിജിറ്റൽ ക്യാമറ, ടിവി, റിസീവർ (ഒരെണ്ണം) വ്യക്തിഗത കായിക ഉപകരണം, കംപ്യൂട്ടർ, പ്രിന്റർ, സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് (നിരോധിതമല്ലാത്തവ), മൂല്യം 3000 ദിർഹത്തിൽ കൂടാത്ത സമ്മാനങ്ങൾ, സിഗരറ്റ് (200 എണ്ണം) എന്നിവ അനുവദനീയമാണ്. എന്നാല്‍ 18 വയസിനു താഴെയുളളവർക്ക് പുകയിലയും മദ്യവും കൊണ്ടുവരാന്‍ അനുമതിയില്ല. വിദേശ കറന്‍സി കൈയ്യിലുണ്ടെങ്കില്‍ അധികൃതരെ അറിയിച്ചിരിക്കണം. 60,000 ദിർഹത്തിന് മുകളില്‍ വിലയുളള വജ്ര സ്വർണാഭരണങ്ങളുണ്ടെങ്കില്‍ നികുതി നല്‍കേണ്ടി വരും.
നിയമങ്ങള്‍ അനുസരിക്കാതെ യാത്ര ചെയ്താല്‍ ജയില്‍ ശിക്ഷയും പിഴയടക്കമുളള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ http://www.fca.gov.ae/ യിലും ഒപ്പം സമൂഹമാധ്യമ അക്കൗണ്ടുകളിലും യാത്രാമാർഗ നിർദ്ദേശങ്ങള്‍ അറബിക്, ഉറുദു ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടറുടെ കുറിപ്പടി കരുതണം. യാത്ര ചെയ്യുന്ന രാജ്യം നിരോധിച്ചിട്ടില്ലാത്ത മരുന്നാണ് അതെന്ന് ഉറപ്പിക്കുകയും വേണം. സുരക്ഷിതയാത്രയ്ക്ക് നിയമങ്ങള്‍ കർശനമായി പാലിക്കണമെന്നും നിർദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.