'ഇരന്ന് വാങ്ങുന്നത് ശീലമായി പോയി'; മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പി. ജയരാജന്‍

 'ഇരന്ന് വാങ്ങുന്നത് ശീലമായി പോയി'; മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പി. ജയരാജന്‍

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായി. പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫെയ്സ്ബുക്കില്‍ കുറിച്ച 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്.

നിരവധി ലീഗ് നേതാക്കള്‍ ജെയിന്‍ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിച്ചു.

അതേസമയം മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ പി. ജയരാജനും ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കി. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായ പ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും പി. ജയരാജന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.