തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍. രാത്രി ഒന്‍പതിന് കടകളും ഹോട്ടലുകളും അടയ്ക്കണം. പൊതുപരിപാടികള്‍ രണ്ടുമണിക്കൂര്‍ മാത്രമേ പാടുള്ളൂ, കൂടാതെ പരിപാടിയിൽ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാവൂ. സല്‍ക്കാരങ്ങളില്‍ ഭക്ഷണം പായ്ക്കറ്റുകളില്‍ നല്‍കണം. തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 5692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 112 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 188 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,68,827 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7029 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇനിയും കോവിഡ് കേസുകൾ വർധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അടുത്ത രണ്ടാഴ്ച നിർണായകമാണ്. കൂടുതൽ ജാഗ്രത വേണം. കോവിഡ് പ്രതിരോധത്തിന് വാർഡ് തല സമിതികൾ ശക്തമാക്കും. രോഗത്തിന്റെ വ്യാപനം നോക്കി മാത്രം നിയന്ത്രണങ്ങൾ കർശനമാക്കും.സമ്പൂർണ ലോക്ഡൗൺ നിലവിൽ ആലോചനയിലില്ല. കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
അതേസമയം കോഴിക്കോട് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. കണ്ടയിന്‍മെന്റ് സോണില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വാക്സിനേഷനും പരിശോധനയും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ബീച്ച് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചിന് ശേഷം പ്രവേശനം അനുവദിക്കില്ല. രണ്ടാഴച്ത്തേക്ക് പൊതുയോഗങ്ങള്‍ ഉണ്ടാകില്ല. കണ്ടയിന്‍മെന്റ് സോണില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രനും കളക്ടറും പങ്കെടുത്ത അവലോകന യോഗത്തില്‍ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.