ഓര്‍ക്കാനിഷ്ടപ്പെടാത്ത വിമാനാപകടങ്ങളും, അതില്‍ പൊലിഞ്ഞ ജീവനുകളും !

ഓര്‍ക്കാനിഷ്ടപ്പെടാത്ത വിമാനാപകടങ്ങളും, അതില്‍ പൊലിഞ്ഞ ജീവനുകളും !

കൊച്ചിയില്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ ഹെലികോപ്റ്ററില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫ് അലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആശ്വാസത്തോടെയാണ് ഇന്ത്യയിലും പ്രവാസ നാട്ടിലുമുള്ള മലയാളികള്‍ വായിച്ചത്.

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗമാണ് വിമാനയാത്ര. മറ്റു ഗതാഗത മാര്‍ഗങ്ങളിലെ അപകട നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആകാശത്തെ അപകടങ്ങള്‍ വളരെ കുറവാണ്. സുരക്ഷയ്ക്ക് നല്‍കുന്ന വലിയ പ്രാധാന്യം തന്നെയാണ് അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ വിമാനങ്ങളെ സഹായിക്കുന്നത്. എന്നാല്‍ ചെറിയൊരു സുരക്ഷാ പിഴവു മതി അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍.

ലോകത്ത് ഏറ്റവുമധികം പേര്‍ മരിച്ച വിമാനാപകടം നടന്നത് 1977ലായിരുന്നു. സ്‌പെയിനിലെ ടെനറീഫ് ദ്വീപിലെ റണ്‍വേയില്‍ രണ്ടു യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നപ്പോള്‍ മരിച്ചത് 583 പേര്‍. സിവില്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിച്ച അപകടമായിരുന്നു അത്. 1977 മാര്‍ച്ച് 27 നാണ് ടെനറിഫ് ദ്വീപിലെ ലോസ് റോഡിയോസ് എയര്‍പോര്‍ട്ടിന്റെ (ഇപ്പോള്‍ ടെനറിഫ് നോര്‍ത്ത് എയര്‍പോര്‍ട്ട്) റണ്‍വേയില്‍ വെച്ച് രണ്ട് ബോയിങ് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.

എന്നാല്‍ ഈ അപകടം ലോകത്തെ സിവില്‍ ഏവിയേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. സുരക്ഷയ്ക്കുള്ള പ്രാധാന്യം വര്‍ധിച്ചു. കൂടാതെ നിരന്തര ഗവേഷണത്തിലൂടെ കണ്ടെത്തിയ അത്യാധുനിക സംവിധാനങ്ങള്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

1996 നവംബര്‍ 12നുണ്ടായ ചക്രി ദര്‍ദി അപകടമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനാപകടം. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്-763 ബോയിങ് 747 വിമാനവും കസാകിസ്താന്‍ എയര്‍ലൈന്‍സിന്റെ 1907 വിമാനവുമായിരുന്നു കൂട്ടിയിടിച്ചത്. അന്ന് ഇരു വിമാനങ്ങളിലെയും 349 പേരാണ് മരിച്ചത്. സൗദി വിമാനം ഡല്‍ഹിയില്‍നിന്ന് ജിദ്ദയിലേക്കും കസാകിസ്താന്‍ വിമാനം ഡല്‍ഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. ഡല്‍ഹിയിലെ ചക്രി ദാദ്രി വില്ലേജില്‍ വിമാനത്താവളത്തിന് 100 കിലോമീറ്റര്‍ അപ്പുറമായിരുന്നു അപകടം നടന്നത്.

ആകാശ ദുരന്തങ്ങളില്‍ ചരിത്രത്താളുകളിലേക്കു മറഞ്ഞ പ്രശസ്തരും നിരവധിയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ്ഗാന്ധി, വിശ്വസ്തനായ രാഷ്ട്രീയ ഉപദേഷ്ടാവുമായിരിക്കെ 1980 ജൂണ്‍ 23ന് ചാണക്യപുരിയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ജീവന്‍ പൊലിഞ്ഞതാണ് ഇന്ത്യയിലെ വിമാനദുരന്തങ്ങളില്‍ ഏറ്റവും ആദ്യം ഓര്‍മ്മിക്കപ്പെടുന്നത്. ഡല്‍ഹിയിലെ ഫ്‌ളയിങ് ക്ലബ്ബില്‍നിന്ന് രാവിലെ എട്ടിന് പറന്നുയര്‍ന്ന വിമാനത്തില്‍ സഞ്ജയ്ഗാന്ധിക്കൊപ്പം പരിശീലകനായ സുഭാഷ് സക്‌സേനയും എരിഞ്ഞുതീര്‍ന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സഞ്ജയ്ഗാന്ധിയുടെ മരണത്തിനു പിന്നാലെ നെഹ്‌റു കുടുംബത്തെ കാത്തിരുന്നത് സംഭവബഹുലമായ ദുരന്തങ്ങളായിരുന്നു. പൈലറ്റ് ആയി ജോലി ചെയ്ത രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനും പിന്നീട് അദ്ദേഹത്തിന്റെ ദാരുണ മരണത്തിനുമൊക്കെ ഈ അപകടം കാരണമായി.

ഡി.എം.കെ. നേതാവും രാജ്യരക്ഷാ സഹമന്ത്രിയുമായിരുന്ന എന്‍.വി.എന്‍. സോമുവാണ് ആകാശദുരന്തത്തില്‍ പൊലിഞ്ഞ മറ്റൊരാള്‍. 1997 നവംബര്‍ 14ന് അരുണാചല്‍പ്രദേശില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ അദ്ദേഹവും ഒപ്പം സഞ്ചരിച്ച മൂന്ന് ആര്‍മി ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടു.

രാജ്യത്തെ നടുക്കിയ മറ്റൊരു വിമാനാപകടമാണ് കോണ്‍ഗ്രസ് നേതാവ് മാധവറാവുസിന്ധ്യയുടെ ജീവന്‍ അപഹരിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ചെറുവിമാനം തകര്‍ന്ന് 2001 സെപ്റ്റംബര്‍ 30നായിരുന്നു സിന്ധ്യയുടെ മരണം. നാല് മാധ്യമപ്രവര്‍ത്തകരടക്കം ഏഴുപേര്‍ അപകടത്തില്‍ മരിച്ചു.

രണ്ടാം തവണ ലോക്‌സഭാ സ്പീക്കറായിരിക്കെയാണ് ടി.ഡി.പി. നേതാവ് ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിന് ആന്ധ്രയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു മരിച്ചത്. ദ്വാരക തിരുമലയിലെ വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിക്കാന്‍പോയ ബാലയോഗിക്ക് മരണവിളിയായി വന്നത് ഒരു സുഹൃത്തിന്റെ ക്ഷണമാണ്. ഒരു ജലാശയത്തില്‍ വീണ ഹെലികോപ്ടറില്‍ അപകടത്തില്‍ ബാലയോഗി മരിച്ചു.

മേഘാലയ മന്ത്രിയായിരുന്ന സിപ്രിയന്‍ സംഗ്മ ഹെലികോപ്റ്റര്‍ അപകടത്തില്‍ 2004 ലാണ് മരിച്ചത്. രണ്ട് എം.എല്‍.എ.മാരും കൂട്ടത്തില്‍ മരിച്ചു. 2004ല്‍ ചലച്ചിത്രലോകത്തെയും രാഷ്ട്രീയ രംഗത്തെയും ഞെട്ടിച്ചത് നടി സൗന്ദര്യയുടെ മരണമാണ്. ദക്ഷിണേന്ത്യന്‍ സിനിമയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി സ്‌ക്രീനില്‍ തിളങ്ങിയ എം.ബി.ബി.എസ്. ബിരുദധാരിയായ നടി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ താരപ്രചാരകയായിരുന്നു. 2004 ഏപ്രില്‍ 18ന് ആന്ധ്രയിലെ കരിംനഗറിലേക്ക് പ്രചാരണത്തിന് പോകുമ്പോള്‍ ചെറുവിമാനം തകര്‍ന്നായിരുന്നു സൗന്ദര്യയും സഹോദരനും മലയാളി പൈലറ്റുമടക്കം നാലുപേര്‍ മരിച്ചത്.

2005-ല്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടു മന്ത്രിമാര്‍ക്കാണ്. ഇന്ത്യയിലെ 13-ാമത്തെ സമ്പന്നനെന്ന് അറിയപ്പെട്ട പ്രമുഖ വ്യവസായിയും ഹരിയാന വൈദ്യുതി മന്ത്രിയുമായിരുന്ന ഒ.പി. ജിന്‍ഡാല്‍ മാര്‍ച്ച് 31നാണ് ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചത്. കൂടെ കൃഷിമന്ത്രി സുരിന്ദര്‍സിങ്ങും കൊല്ലപ്പെട്ടു.

ദുരന്തങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയായിരുന്നു കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് രാജശേഖര റെഡ്ഡി. കോണ്‍ഗ്രസിനെ ആന്ധ്രയുടെ ഭരണസിംഹാസനത്തിലേക്ക് വീറോടെ നയിച്ച പോരാളിയാണ് വിധിക്കു കീഴടങ്ങിയത്. 1973ല്‍ ഡല്‍ഹിക്ക് സമീപം വിമാനം തകര്‍ന്നു മരിച്ച കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മോഹന്‍ കുമരമംഗലത്തിന്റെ മരണം പോലും കാലം മറന്ന് തുടങ്ങി.

അസംഖ്യം ആരാധകരെ സങ്കടത്തിലാഴ്ത്തി മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ജയന്‍ മരിച്ചത് ഷൂട്ടിങ്ങിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ്. 1980 നവംബര്‍ പത്തിന് 'കോളിളക്കം' എന്ന സിനിമക്കിടയിലായിരുന്നു ദുരന്തം. ആകാശ ദുരന്തങ്ങളില്‍ മലയാളികള്‍ മറക്കാത്തതാണ് നടി റാണിചന്ദ്രയുടെ ജീവന്‍ കവര്‍ന്ന 1976ലെ വിമാനാപകടം. മുംബൈയില്‍നിന്ന് മദ്രാസിലേക്കുള്ള യാത്രയിലാണ് റാണിചന്ദ്ര വിമാനം തകര്‍ന്ന് മരിച്ചത്.

സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെറുവിമാനം ബാംഗ്ലൂരില്‍ തകര്‍ന്ന് 2007 സെപ്റ്റംബര്‍ എട്ടിന് നാലുപേര്‍ മരിച്ചു. ഇതു കൂടാതെ ചെറുതും വലുതുമായ ധാരാളം വിമാനാപകടങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്.

1998 ജൂലായ് 31ന് കൊച്ചിയിലുണ്ടായതാണ് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനദുരന്തം. അലയന്‍സ് എയറിന്റെ ഡോണിയര്‍ വിമാനം കൊച്ചി നേവല്‍ ബേസിന് സമീപം തകര്‍ന്ന് നാലു യാത്രക്കാരും മൂന്ന് വിമാന ജോലിക്കാരും നേവല്‍ ബേസിലെ രണ്ട് ജീവനക്കാരുമുള്‍പ്പെടെ ഒമ്പതുപേരാണ് മരിച്ചത്.

2020 ല്‍ നടന്ന കരിപ്പൂര്‍ വിമാനാപകടവും അതിന് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് മംഗളൂരുവില്‍ നടന്ന വിമാനാപകടവുമൊക്കെ മലയാളികള്‍ ഞെട്ടലോടെയാണ് ഇപ്പോഴും ഓര്‍ക്കുക.

കാലാവസ്ഥാവ്യതിയാനവും സാങ്കേതികത്തകരാറുകളും പൈലറ്റിന്റെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമായി പറയപ്പെടുന്നെങ്കിലും പിന്നീട് ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളോ പ്രതിവിധികളോ പുറം ലോകം അറിയാറില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.