ജപ്പാൻ ആണവാവശിഷ്ടങ്ങൾ അടങ്ങിയ 1.3 ദശലക്ഷം ടൺ മലിനജലം കടലിൽ തള്ളുന്നു

ജപ്പാൻ ആണവാവശിഷ്ടങ്ങൾ അടങ്ങിയ 1.3 ദശലക്ഷം ടൺ മലിനജലം  കടലിൽ തള്ളുന്നു

ടോക്കിയോ: സുനാമിയിൽ നശിപ്പിക്കപ്പെട്ടുപോയ ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് ഒരു ദശലക്ഷം ടണ്ണിലധികം മലിന ജലം കടലിലേക്ക് ഒഴുക്കുമെന്ന് ജപ്പാൻ ചൊവ്വാഴ്ച പ്രസ്താവിച്ചു. ഈ നീക്കം അതീവ നിരുത്തരവാദപരമാണെന്ന് ചൈന അഭിപ്രായപ്പെട്ടു . ദക്ഷിണ കൊറിയയും ജപ്പാനെ പ്രതിഷേധം അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ ആദ്യ ഘട്ടജലം കടലിൽ ഒഴുക്കിക്കളയും. വെള്ളം ഫിൽട്ടർ ചെയ്ത് ദോഷകരമായ ഐസോടോപ്പുകൾ നീക്കുന്നതിനായുള്ള  സജ്ജീകരണങ്ങൾ പ്ലാന്റ് ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവർ ഒരുക്കികൊണ്ടിരിക്കുകയാണ്.

2011 ലെ ഭൂകമ്പവും തന്മൂലമുണ്ടായ സുനാമിയുടെയും ഫലമായി ഫുകുഷിമ ആണവ നിലയം തകരാറിലായതിനെത്തുടർന്ന് ആണവ നിലയം പൂർണ്ണമായും ഡി കമ്മീഷൻ ചെയ്യുവാൻ ആണവനിലയത്തിൽ ഉപയോഗിച്ച ജലം പുറം തള്ളേണ്ടത് ആവശ്യമാണെന്ന് ജപ്പാൻ വാദിച്ചു. ലോകമെമ്പാടുമുള്ള ന്യൂക്ലിയർ പ്ലാന്റുകളിൽ നിന്ന് പതിവായി സമാനമായി ഫിൽട്ടർ ചെയ്ത വെള്ളം പുറത്തുവിടുന്നുവെന്ന് ജപ്പാൻ പറയുന്നു.

പ്ലാന്റിലെ വലിയ ടാങ്കുകളിൽ ഏകദേശം 1.3 ദശലക്ഷം ടൺ മലിന ജലം  അല്ലെങ്കിൽ 500 ഓളം ഒളിമ്പിക് നീന്തൽക്കുളങ്ങൾ നിറയ്ക്കാനുള്ള ജലമാണ് സംഭരിച്ചു വച്ചിരിക്കുന്നത്. 100 ബില്യൺ യെൻ (912.66 ദശലക്ഷം ഡോളർ) ജപ്പാൻ ഇതിനായി ചിലവഴിക്കുന്നു.
ഫുകുഷിമ ഡായ്-ഇച്ചി ആണവ നിലയം പൂർണ്ണമായും ഡി കമ്മീഷൻ ചെയ്യാനും ഫുകുഷിമ പ്രദേശം പുനർനിർമ്മിക്കാനും വേണ്ടി സംസ്കരിച്ച വെള്ളം കടലിൽ ഒഴുക്കുന്നത് , ഒഴിവാക്കാനാവാത്തതാണ് എന്ന് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു.

മുൻപ് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക് ഗെയിംസിന് മൂന്ന് മാസം ശേഷിക്കെയാണ് ജപ്പാൻ ഈ തീരുമാനം എടുത്തത്. ചില മത്സരങ്ങൾ തകർന്ന പ്ലാന്റിൽ നിന്ന് 60 കിലോമീറ്റർ (35 മൈൽ) അകലെ വരെ നടത്തുന്നുണ്ട് .ഫുക്കുഷിമ യാതൊരു കാരണവശാലും ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരെ ബാധിക്കില്ല എന്ന് ജപ്പാൻ, ഒളിപിക്‌സ് കമ്മറ്റിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ജലത്തിൽ നിന്ന് വേർതിരിക്കാൻ പ്രയാസമുള്ള ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ ട്രിറ്റിയം ഒഴികെ ബാക്കി എല്ലാ ഐസോടോപ്പുകളും ജലത്തിൽനിന്നും നീക്കം ചെയ്യ്തതിന്‌ ശേഷം ട്രിറ്റിയം അളവ് നിയന്ത്രണ പരിധിയിൽ താഴുന്നതുവരെ നേർപ്പിച്ച് സമുദ്രത്തിലേക്ക് പമ്പ് ചെയ്യും. മനുഷ്യ ചർമ്മത്തിൽ തുളച്ചുകയറാൻ ആവശ്യമായ ഊർജ്ജം പുറത്തുവിടാത്തതിനാൽ ട്രിറ്റിയം താരതമ്യേന നിരുപദ്രവകാരിയായ ഐസോടോപ്പായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മറ്റ് ന്യൂക്ലിയർ പ്ലാന്റുകൾ പതിവായി ഐസോടോപ്പിന്റെ അളവ് കുറവുള്ള ജലം സമുദ്രത്തിലേക്ക് പതിവായി പമ്പ് ചെയ്യുന്നുണ്ട്.
ജപ്പാന്റെ ഈ നീക്കത്തോട്  അമേരിക്ക അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ആണവനിലയം പ്രവർത്തനരഹിതമാക്കുന്നതിൽ ജപ്പാൻ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന്  അമേരിക്ക അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.