മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പ്രാദേശിക വ്യവസായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ ഔഷധ കഞ്ചാവ് നിര്‍മ്മാണ പ്ലാന്റ് സൗത്ത് ഈസ്്റ്റ് മെല്‍ബണിലെ രഹസ്യ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നു. 50 മില്യണ്‍ ഡോളര്‍ ചെലവു വരുന്നതാണ് പദ്ധതി.
കാനഡയിലെ ഔഷധ കഞ്ചാവ് നിര്‍മാണ കമ്പനിയായ ദി വലന്‍സിന്റെ ഉടമസ്ഥതയിലാണ് പ്ലാന്റ്് സ്ഥാപിക്കുക. അതേസമയം, ഔഷധ കഞ്ചാവിന്റെ ഓസ്ട്രേലിയയിലെ വിതരണക്കാരായ കാന്‍വാലേറ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. തൊഴിലാളികളെ നിയമിക്കുന്നതും ഇവരാണ്.
4500 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പ്ലാന്റില്‍ അസംസ്‌കൃത കഞ്ചാവ് ഉപയോഗിച്ച് സോഫ്റ്റ് ജെല്‍ കാപ്‌സ്യൂളുകള്‍, ഗുളികകള്‍, തൈലങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മരുന്നുകള്‍ നിര്‍മ്മിക്കും. പ്ലാന്റിന് ഇരട്ട ചുറ്റളവുള്ള വേലി, 24 മണിക്കൂര്‍ സിസിടിവി, ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന നിലവറ എന്നിവയുണ്ടാകും. ഇത് വളരെ സുരക്ഷിതമായിരിക്കുമെന്ന് കാന്‍വാലേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സുഡ് അഗര്‍വാള്‍ പറഞ്ഞു.
ലൈസന്‍സ് ലഭിക്കേണ്ടതിനാല്‍ പ്ലാന്റ് നിര്‍മിക്കുന്ന സ്ഥലം വെളിപ്പെടുത്താന്‍ സാധിക്കില്ല. പക്ഷേ ഇത് കഞ്ചാവ് കൃഷിയുള്ള സ്ഥലത്തിന് സമീപമായിരിക്കും. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നിര്‍മാണശാലയായിരിക്കും ഈ പ്ലാന്റ്. കഞ്ചാവ് നിര്‍മ്മാണത്തിന്റെയും വേര്‍തിരിച്ചെടുക്കലിന്റെയും പ്രക്രിയയെ പൂര്‍ണ്ണമായും മാറ്റുന്നതായിരിക്കും പുതിയ പ്ലാന്റെന്നും ഡോ. അഗര്‍വാള്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ തെറാപ്പിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ കണക്കു പ്രകാരം ഈ വര്‍ഷം ഏപ്രില്‍ വരെ 3378 കഞ്ചാവ് പ്രിസ്‌ക്രിപ്ഷന്റെ ആവശ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഇത് 1108 എണ്ണം മാത്രമായിരുന്നു. മൂന്നിരട്ടി വര്‍ധന.
യു.എസ്, കാനഡ, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ നാലാമത്തെ വലിയ ഔഷധ കഞ്ചാവ് വിപണിയാണ് ഓസ്‌ട്രേലിയ. എങ്കിലും നിലവില്‍ ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്ന ഔഷധ കഞ്ചാവിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 2021 മധ്യത്തോടെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26