സിഡ്നി: ന്യൂ സൗത്ത് വെയില്‍സില്‍ രക്തം കട്ടപിടിച്ച് യുവതി മരിച്ചത് ആസ്ട്രസെനക്ക വാക്‌സിന്റെ പാര്‍ശ്വഫലമാകാന്‍ സാധ്യതയെന്ന് തെറാപ്പിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടി.ജി.എ). 48 വയസുള്ള ജെനെന്‍ നോറിസ് എന്ന യുവതിയാണ് വാക്‌സിനെടുത്തശേഷം രക്തം കട്ടപിടിച്ചതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ എട്ടിന് വാക്‌സിനെടുത്ത് അഞ്ചാം ദിവസം മുതല്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയയില്‍ വാക്‌സിനെടുത്തശേഷം രക്തം കട്ടപിടിച്ച മൂന്നാമത്തെ കേസാണിത്. ആദ്യമരണവും. യുവതിക്ക് പ്രമേഹവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ് മരണത്തിനിടയാക്കിയോ എന്നറിയാന്‍ ആരോഗ്യ വകുപ്പ് വിദഗ്ധ പരിശോധനകള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ടി.ജി.എ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് പരിശോധനാ ഫലങ്ങള്‍ വിലയിരുത്തി. തുടര്‍ന്നാണ് വാക്‌സിന് മരണവുമായി ബന്ധമുണ്ടാകാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ധമനികളിലും ഞരമ്പുകളിലും രക്തം കട്ടപിടിച്ചതും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതും വാക്‌സിന്റെ പാര്‍ശ്വഫലമാകാന്‍ സാധ്യതയുണ്ടെന്ന് ടി.ജി.എ പ്രസ്താവനയില്‍ അറിയിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടി.ടി.എസ്.) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. രക്തം കട്ട പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രണ്ട് കേസുകളും ആശുപത്രിയില്‍ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ടി.ജി.എ അറിയിച്ചു.
ലോകത്ത് ആസ്ട്രസെനക്ക വാക്സിനെടുത്ത അപൂര്‍വം ചിലര്‍ക്കു രക്തം കട്ടപിടിച്ചതായും അത് മരണത്തിലേക്ക് നയിച്ചതായും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇ.എം.എ) സ്ഥിരീകരിച്ചിരുന്നു. വാക്‌സിനെടുത്ത 250,000 പേരില്‍ ഒരാള്‍ക്കു രക്തം കട്ടപിടിക്കാനുള്ള സാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരുന്നത്. രക്തം കട്ടപിടിച്ച കേസുകളില്‍ പലരും 60 വയസിനു താഴെയുള്ളവരായിരുന്നു. ഇതേതുടര്‍ന്ന് ആദ്യത്തെ ഡോസ് ലഭിക്കാത്ത 50 വയസില്‍ താഴെയുള്ള മുതിര്‍ന്നവര്‍ക്ക് ആസ്ട്രസെനക്ക വാക്സിനു പകരം ഫൈസര്‍ നല്‍കാന്‍ തീരുമാനമായി. ഈ നിര്‍ദേശം വന്ന അന്നുതന്നെയാണ് ജെനെന്‍ നോറിസിന് ആസ്ട്രസെനക്ക വാക്സിന്‍ നല്‍കിയത്. മരിച്ച സ്ത്രീയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്. അടുത്തയാഴ്ച ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിനു ശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തിച്ചേരുക.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ വാര്‍ത്താസമ്മേളനത്തില്‍ യുവതിയുടെ മരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മറുപടിക്കായി കാത്തിരിക്കാനാണ് പറഞ്ഞത്. ഈ അവസരത്തില്‍ മരണം സംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരുന്നതില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ച സ്ത്രീയുടെ കുടുംബത്തിനോടുള്ള അനുശോചനം അറിയിച്ചതായും വ്യക്തിഗത കേസുകളെക്കുറിച്ച് പരസ്യമായ പ്രതികരണങ്ങള്‍ നടത്തില്ലെന്നും എന്‍എസ്ഡബ്ല്യു ആരോഗ്യവകുപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 1.35 ദശലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.