യുഎഇ: യുഎഇയില്‍ സർക്കാർ ജീവനക്കാർക്കുളള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാണ് ഈദുല്‍ ഫിത്തർ ആഘോഷിക്കുക.
ഇത് സംബന്ധിച്ച് ചാന്ദ്രനിരീക്ഷണ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക. മെയ് രണ്ടിനായിരിക്കും ഇത്തവണ ഈദ് എന്നാണ് നിഗമനം. റമദാന് 29 ദിവസമാണെങ്കില്‍ 4 ദിവസത്തെ അവധിയാണ് ലഭിക്കുക. അതായത് ഏപ്രില്‍ 30 മുതല്‍ മെയ് മൂന്ന് വരെ അവധി ലഭിക്കും.
അതേസമയം റമദാന് 30 പൂർത്തിയാക്കിയാണ് ഈദ് വരുന്നതെങ്കില്‍ 5 ദിവസം അവധി ലഭിക്കും. അതായത് ഏപ്രില്‍ 30 മുതല്‍ മെയ് നാലുവരെ അവധി ലഭിക്കും.