ടലഹാസി: ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെതിരായ വാള്‍ട്ട് ഡിസ്‌നിയുടെ കേസ് അമേരിക്കന്‍ ഫെഡറല്‍ കോടതി തള്ളി. സ്വവര്‍ഗാനുരാഗം അടക്കമുള്ള വിഷയങ്ങളില്‍ വിനോദ ഭീമനായ ഡിസ്‌നിയുടെ താല്‍പര്യങ്ങള്‍ക്കെതിരേ നിലകൊണ്ട ഗവര്‍ണറുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ജഡ്ജിയുടെ വിധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ ലൈംഗിക ആഭിമുഖ്യവും ജെന്‍ഡറും പഠിപ്പിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും വിലക്കി 2022-ല്‍ ഫ്‌ളോറിഡയില്‍ നിയമം കൊണ്ടുവന്നിരുന്നു. ഗവര്‍ണറുടെ ഈ നടപടികളെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഫ്‌ളോറിഡ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസ്‌നി കേസ് കൊടുത്തത്.
തങ്ങള്‍ക്കെതിരായ കേസ് തള്ളിക്കളയണമെന്ന് ഡിസാന്റിസും സ്റ്റേറ്റ് ബോര്‍ഡിലെ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന നിയമങ്ങള്‍ ഭരണഘടനാപരമായതിനാല്‍ ഗവര്‍ണര്‍ക്കോ വാണിജ്യ സെക്രട്ടറിക്കോ എതിരെ കേസ് കൊടുക്കാന്‍ ഡിസ്‌നിക്ക് അവകാശമില്ലെന്ന് ഫ്‌ളോറിഡയിലെ ടലഹാസിയിലെ യുഎസ് ജില്ലാ ജഡ്ജി അലന്‍ വിന്‍സര്‍ വിധിന്യായത്തില്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ഡിസാന്റിസും ഡിസ്‌നിയും തമ്മിലുള്ള കേസ് ആഗോള ശ്രദ്ധ നേടിയിരുന്നു. ഡിസ്‌നിയുടെ കാര്‍ട്ടൂണുകളില്‍ സ്വവര്‍ഗാനുരാഗ പ്രമേയം കൊണ്ടുവരുന്നതിനെതിരേയും ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയിരുന്നു.
തര്‍ക്കത്തിനൊടുവില്‍ വാള്‍ട്ട് ഡിസ്‌നിയുടെ അപ്രമാദിത്വത്തിന് തടയിട്ടുകൊണ്ടാണ് ഫ്‌ളോറിഡ ഗവര്‍ണര്‍ നടപടിയെടുത്തത്. 1967 മുതല്‍ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കമ്പനിക്ക് ഉണ്ടായിരുന്ന സ്വയംഭരണാവകാശം റദ്ദാക്കുന്ന ബില്ലില്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ചു. ഇതേതുടര്‍ന്നാണ് ഡിസ്‌നി കോടതിയെ സമീപിച്ചത്.
കൂടുതല്‍ വായനയ്ക്ക്:
സ്വവര്‍ഗാനുരാഗത്തിന് പിന്തുണ: ഡിസ്നിയുടെ ഫ്ളോറിഡയിലെ സ്വയംഭരണാവകാശം ഇല്ലാതാകും; അധികാരങ്ങള്‍ റദ്ദാക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍