ഫ്ളോറിഡ: സ്വവര്‍ഗാനുരാഗത്തിന് പിന്തുണ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വാള്‍ട്ട് ഡിസ്നിയുടെ അപ്രമാദിത്വത്തിന് തടയിട്ട് ഫ്ളോറിഡ ഗവര്‍ണര്‍. വാള്‍ട്ട് ഡിസ്നി കമ്പനി അര നൂറ്റാണ്ടായി അനുഭവിച്ചു വന്ന വിശാലമായ അധികാരങ്ങള്‍ റദ്ദാക്കുന്ന ബില്ലില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ചു. ഡിസ്നി വേള്‍ഡ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കമ്പനിക്ക് ഉണ്ടായിരുന്ന സ്വയംഭരണാവകാശമാണ് ഇതോടെ ഇല്ലാതാകുന്നത്.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളില്‍ ലൈംഗിക ആഭിമുഖ്യവും ജെന്‍ഡറും പഠിപ്പിക്കുന്നത് വിലക്കി കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ കൊണ്ടുവന്ന നിയമത്തെ ഡിസ്നി ലാന്‍ഡ് സി.ഇ.ഒ ബോബ് ചപെക് നിശിതമായി വിമര്‍ശിച്ചിരുന്നു. ഡിസ്നി ലാന്‍ഡിനുള്ള ഡിസാന്റിസിന്റെ രാഷ്ട്രീയ തിരിച്ചടിയായാണ് പുതിയ നിയമം വിലയിരുത്തപ്പെടുന്നത്.
'ഒടുവില്‍ കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന് അന്ത്യമായി' - ഓര്‍ലാന്‍ഡോയിലെ
ഡിസ്‌നി വേള്‍ഡിന്റെ വിലാസമായി അറിയപ്പെടുന്ന ലേക്ക് ബ്യൂണ വിസ്റ്റയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡിസാന്റിസ് പറഞ്ഞു. ഫ്ളോറിഡ ജനപ്രതിനിധികള്‍ പാസാക്കിയ ബില്ലനുസരിച്ച് ഡിസ്നി ലാന്‍ഡ് മേഖലയുടെ ഭരണ നിര്‍വഹണത്തിനായി അഞ്ചംഗ ബോര്‍ഡിനെ നിയമിക്കും. ഇവരാകും മുനിസിപ്പാലിറ്റി സേവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
'ഒരു കോര്‍പ്പറേഷനെ സ്വന്തം സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കുന്നത് നല്ല പ്രവണതയല്ല. ഈ നിയമം ഡിസ്നിയുട സ്വയംഭരണം അവസാനിപ്പിക്കും. എല്ലാവരും അനുസരിക്കുന്ന നിയമത്തിന്റെ അധീനതയിലായിരിക്കും ഇനി ഡിസ്നിയും. ഡിസ്നി നികുതി അടയ്ക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും' - ഡിസാന്റിസ് കൂട്ടിച്ചേര്‍ത്തു.
ഫ്ളോറിഡയില്‍ 27,000 ഏക്കറിലധികം (11,000 ഹെക്ടര്‍) സ്ഥലത്താണ് ഡിസ്നി വേള്‍ഡ് സ്ഥിതി ചെയ്യുന്നത്. റീഡി ക്രീക്ക് ഡിസ്ട്രിക്റ്റ് എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവിടെയുള്ള സ്വത്തുക്കള്‍ക്കുമേല്‍ ഇത്രകാലവും ഡിസ്നിക്ക് സ്വയംഭരണാവകാശമുണ്ടായിരുന്നു. കമ്പനിക്ക് സ്വന്തം പോലീസ്, അഗ്‌നിശമന വകുപ്പും ഉള്‍പ്പെടെ സേവനങ്ങളുണ്ടായിരുന്നു. പൊതു ചടങ്ങുകള്‍ നടത്തുന്നതില്‍ പോലും സ്വയംഭരണാവകാശം ഉണ്ടായിരുന്നു. ഈ അധികാരങ്ങളാണ് ഗവര്‍ണര്‍ ഇല്ലാതാക്കിയത്.
75,000 ജീവനക്കാരുള്ള ഡിസ്‌നി വേള്‍ഡ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ്. തീം എന്റര്‍ടൈന്‍മെന്റ് അസോസിയേഷന്റെ കണക്കനുസരിച്ച് 2021-ല്‍ 36 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടം സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസവും ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന ബില്ലില്‍ ഫ്ളോറിഡ ഗവര്‍ണര്‍ ഒപ്പുവച്ചത്. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദവുമുണ്ട്.
അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ലൈംഗികാഭിമുഖ്യത്തെക്കുറിച്ചുള്ള ക്ലാസുകള്‍ നിരോധിച്ചിരിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത പാഠങ്ങള്‍ പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിന്മേലാണ് ബില്‍ കൊണ്ടുവന്നത്. എല്‍ജിബിടിക്യു സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ബില്ലിനെ ലൈംഗിക ന്യൂനപക്ഷങ്ങള്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
ഫ്ളോറിഡ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള വാള്‍ട്ട് ഡിസ്നി കമ്പനി നേതൃത്വവും ഗവര്‍ണക്കെതിരേ പരസ്യമായി രംഗത്തുവന്നു. രാഷ്ട്രീയ സംഭാവനകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും ഡിസ്നി ലാന്‍ഡ് സി.ഇ.ഒ ബോബ് ചപെക് പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരു മുറുകിയത്. തുടര്‍ന്നാണ് ഡിസ്നിയുടെ സ്വയംഭരണ ജില്ല എന്ന അവകാശം ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ നടപടികള്‍ ആരംഭിച്ചത്.
ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനെന്ന പേരില്‍ ഡിസ്നി അടുത്ത കാലത്തായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വലിയ എതിര്‍പ്പാണുയരുന്നത്. കൊച്ചുകുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പോലും സ്വവര്‍ഗാനുരാഗം കുത്തിനിറയ്ക്കുന്ന ഡിസ്നിയുടെ വിനോദ പരിപാടികളും ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.