സിഡ്‌നി: 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് പ്രമുഖ സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഡിജിറ്റൽ ഫ്രീഡം അഡ്വക്കസി ഗ്രൂപ്പ് സർക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
ഈ നിരോധനം യുവ ഓസ്‌ട്രേലിയക്കാരുടെ രാഷ്ട്രീയ ആശയ വിനിമയത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ കവർന്നെടുക്കുന്നു എന്നാണ് ഹർജിയിൽ ഗ്രൂപ്പ് ഉന്നയിക്കുന്ന പ്രധാന വാദം. "ഒരു ജനാധിപത്യ രാജ്യത്ത്, യുവജനങ്ങളുടെ അഭിപ്രായങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണിത്. സോഷ്യൽ മീഡിയ ഇന്നത്തെ കാലത്തെ രാഷ്ട്രീയ ചർച്ചകളുടെ പ്രധാന വേദിയാണ്. ഈ നിരോധനം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്," ഗ്രൂപ്പ് വക്താവ് പ്രസ്താവിച്ചു.
അതേസമയം നിയമപരമായ ഭീഷണികൾക്ക് രാജ്യം വഴങ്ങില്ലെന്ന് കമ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിലാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അവർ സൂചിപ്പിച്ചു.