ദയനീയ തോല്‍വി ഏറ്റുവാങ്ങി ആറിടത്ത് യു.ഡി.എഫ് മൂന്നാമതായി; നാലും തലസ്ഥാന ജില്ലയില്‍

ദയനീയ തോല്‍വി ഏറ്റുവാങ്ങി ആറിടത്ത് യു.ഡി.എഫ് മൂന്നാമതായി; നാലും തലസ്ഥാന ജില്ലയില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇത്തവണ ആറ് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറില്‍ നാല് മണ്ഡലങ്ങളും തിരുവനന്തപുരം ജില്ലയിലാണ്. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തെ നേമത്തും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫ് ബഹുദൂരം പിന്നിലായി.

കെ. മുരളീധരന്‍ 2016 ല്‍ ജയിച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസിന് നാണക്കേടായി. 2016 ല്‍ മൂന്നാമതായ സി.പി.എം 2019-ല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറി. ഇത്തവണയും അവര്‍ ഭൂരിപക്ഷം 20,000 കടത്തി. 2016 ല്‍ നിന്ന് 2021 ലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് ഒലിച്ചുപോയത് 15,000 ലേറെ വോട്ടുകളാണ്. എണ്ണുന്നതിന് മുന്നെ കോണ്‍ഗ്രസ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ തോല്‍വി സമ്മതിച്ചിരുന്നു.

നേമം തിരിച്ചു പിടിക്കാനെത്തിയ മുരളീധരന്‍ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തായി. വടക്കാഞ്ചേരിയിലെ തിരിച്ചടിക്ക് ശേഷം മുരളിയുടെ കരിയറില്‍ മറ്റൊരു തോല്‍വി കൂടി. ബി.ജെ.പിയെ വീഴ്ത്താന്‍ മുരളി വടകരയില്‍നിന്ന് പുറപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പോലും ഈ വലിയ തോല്‍വി പ്രതീക്ഷിച്ചിണ്ടാവില്ല. ഘടകകക്ഷിക്ക് കൊടുത്തപ്പോള്‍ 13,860 വോട്ടുണ്ടായിരുന്നത് 36,524 വോട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞതാണ് മുരളിക്കും കോണ്‍ഗ്രസിനും ആശ്വസിക്കാനുള്ളത്.

കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേതില്‍ നിന്നു വീണ്ടും ദയനീയമായി കോണ്‍ഗ്രസിന്റെ അവസ്ഥ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5,600 വോട്ട് പിന്നെയും കുറഞ്ഞു. വാഹിദ് മാറി രാഷ്ട്രീയത്തിന് പുറത്ത് നിന്ന് ഡോ. എസ്.എസ് ലാലിനെ അവതരിപ്പിച്ചിട്ടും ഗതി ഇത് തന്നെ. ചാത്തന്നൂരില്‍ 4,000 വോട്ട് കൂടിയിട്ടും പീതാംബരക്കുറിപ്പ് എന്ന മുതിര്‍ന്ന നേതാവ് മത്സരിച്ചിട്ടും ഇത്തവണയും മൂന്നാം സ്ഥാനത്തായി.

മലമ്പുഴയിലും 2016 ആവര്‍ത്തിച്ചു. സാമുദായിക സമവാക്യം പാലിക്കാതെയുള്ള സ്ഥാനാര്‍ഥിത്വമാണ് അന്ന് തിരിച്ചടിയെന്ന് വിലയിരുത്തി ഇത്തവണ മണ്ഡലത്തിലുള്ള ആളെ സ്ഥാനാര്‍ഥിയാക്കിയിട്ടും മൂന്നാമതായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 111 വോട്ട് മാത്രമാണ് കൂടിയത്.

ഘടകകക്ഷിയായ ആര്‍.എസ്.പിക്ക് നല്‍കിയ ആറ്റിങ്ങലാണ് യു.ഡി.എഫ് മൂന്നാമതായ ആറാമത്തെ മണ്ഡലം. 4,000 വോട്ട് കൂടിയിട്ടും ചരിത്രത്തിലാദ്യമായി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.