കോവിഡ് ചികിത്സയ്ക്ക് പരിശോധനാ ഫലവും തിരിച്ചറിയല്‍ കാര്‍ഡും വേണ്ട: മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്രം

കോവിഡ് ചികിത്സയ്ക്ക് പരിശോധനാ ഫലവും തിരിച്ചറിയല്‍ കാര്‍ഡും വേണ്ട: മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഇനി മുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

പുതുക്കിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികള്‍ക്ക് ഉടനടിയും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളിലടക്കം പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടി വരും.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന ഏത് രോഗിക്കും കോവിഡ് ആരോഗ്യ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് തടസമാകില്ല. ഒരു രോഗിക്കും ഏത് പ്രദേശത്തുകാരനാണെങ്കിലും സേവനം നിഷേധിക്കപ്പെടരുത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പരിഷ്‌കാരം. ഓക്സിജന്‍, മറ്റു അവശ്യമരുന്നുകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ഉള്‍പ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാന്‍ പാടില്ല. നിലവില്‍ ചില ആശുപത്രികളില്‍ ആ പ്രദേശത്തുക്കാരനാണെന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാലെ പ്രവേശനം നടത്തുന്നുണ്ടായിരുന്നുള്ളൂ. അതേസമയം, ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികള്‍ക്ക് കിടക്കകള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കണം.

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് പരിചരണം നല്‍കുന്നതിന് കോവിഡ് കെയര്‍ സെന്ററുകള്‍, പോതു-സ്വകാര്യ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കണം. ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.