കോവിഡ് കേസുകളില്‍ കുറവ്; നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഖത്തർ

കോവിഡ് കേസുകളില്‍ കുറവ്; നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഖത്തർ

ദോഹ: കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകളില്‍ വീഴ്ച വരാതെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചിച്ച് ഖത്തർ. മെയ് 28 മുതല്‍ ജൂലൈ 30 വരെയുളള ദിവസങ്ങളില്‍ നാലു ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് നൽകാനാണ് ആലോചിക്കുന്നതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനും കോവിഡിനെതിരായ നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഓരോ ഘട്ടവും ഏറ്റവും ചുരുങ്ങിയത് മൂന്നാഴ്ചക്കാലമാകും. ഓരോ ഘട്ടം കഴിയുമ്പോഴും രാജ്യത്തെ കോവിഡ് വ്യാപനവും സാഹചര്യവും കണക്കിലെടുത്താകും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ പൂർത്തിയായവർക്കാണ് കൂടുതല്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്.

സാമൂഹിക ഒത്തുചേരലുകള്‍

പരമാവധി അഞ്ച് പേർക്ക് ഒത്തുചേരാനും അതോടൊപ്പം പളളികളിലും പ്രാർത്ഥനകളിലും ഇളവ് നല്‍കാനുമാണ് ആലോചന. വാക്സിനെടുത്ത 10 പേർക്കും ഒത്തുചേരലുകള്‍ക്ക് അനുമതി നല്‍കിയേക്കും.
പളളികളില്‍ 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ശുചിമുറികള്‍ അടച്ചിടുന്നത് തുടരും

റസ്റ്ററന്റുകളും സിനിമാ തീയറ്റുകളും

റസ്റ്റോറന്‍റുകളില്‍ 30 ശതമാനം ശേഷിയില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കാം. വാക്സിനെടുത്തവർക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. സിനിമാ തിയറ്ററുകളും 30 ശതമാനമെന്ന രീതിയില്‍ പ്രവർത്തനം തുടങ്ങും. പ്രവേശനം 16 വയസിന് മുകളിലുളള വാക്സിനേഷന്‍ പൂർത്തീകരിച്ചവർക്ക് മാത്രം.

ആരോഗ്യ ഫിറ്റ്നസ് കേന്ദ്രങ്ങള്‍

ആരോഗ്യ കേന്ദ്രങ്ങള്‍, ഫിറ്റനസ് ക്ലബ്ബുകള്‍, സ്പാ, എന്നിവയ്ക്ക് 30 ശതമാനം ശേഷിയില്‍ വാക്‌സിനെടുത്ത ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം. ജീവനക്കാരെല്ലാം വാക്സിന്‍ എടുത്തവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.

ബ്യൂട്ടി സലൂണുകളും ബാർബർ ഷോപ്പുകളും

30 ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം. മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ രണ്ട് ഡോസും എടുത്തവരായിരിക്കണമെന്നും നിർബന്ധം.
പാർക്കുകള്‍

30 ശതമാനമെന്ന രീതിയില്‍ പാർക്കുകളിലും കോർണിഷുകളിലും ബീച്ചുകളിലും പ്രവേശനം അനുവദിക്കും. ഒരേ കുടുംബത്തിലുളളവർക്ക് ഒത്തുചേരലുകള്‍ അനുവദനീയം.

തൊഴിലിടങ്ങള്‍

അന്‍പത് ശതമാനമെന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഒഴിവാക്കാന്‍ കഴിയാത്ത വ്യാപാര മീറ്റിംഗുകള്‍ വാക്‌സിനെടുത്ത 15 പേരെ പങ്കെടുപ്പിച്ച് നടത്താം.

ഷോപ്പിംഗ് കേന്ദ്രങ്ങള്‍

ഫുഡ് കോർട്ടുകള്‍ക്ക് പ്രവർത്തനാനുമതിയുണ്ടാവില്ല. പ്രവേശനം ഉള്‍ക്കൊളളാവുന്നതിന്റെ 30 ശതമാനമെന്ന രീതിയില്‍ മാത്രം.

സ്കൂളുകളില്‍

പഠനം എങ്ങനെ വേണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. പക്ഷെ ഒരു ക്ലാസില്‍ ഉള്‍ക്കൊളളാവുന്നതിന്റെ 30 ശതമാനമെന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഇത് സ്കൂള്‍ അധികൃതർ ഉറപ്പുവരുത്തണം. ഭിന്നശേഷിക്കാരുടെ വിദ്യാലയങ്ങളില്‍ അഞ്ചു കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന തോതില്‍ പ്രവര്‍ത്തന അനുമതി നല്‍കിയേക്കും. നഴ്‌സറികളും ചൈല്‍ഡ്‌കെയര്‍ സെന്ററുകളും 30 ശതമാനം ശേഷിയില്‍ മാത്രം. മൂന്നിടങ്ങളിലും പരിശീലകരും ജീവനക്കാരും വാക്‌സിനെടുത്തവരായിരിക്കണം.

പൊതു ഗതാഗതം

വെള്ളി ശനി ഉള്‍പ്പടെയുളള ദിവസങ്ങളില്‍ 30 ശതമാനമെന്ന രീതിയില്‍ പ്രവർത്തനം.
ഈദ് അവധി ദിനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ രോഗവ്യാപനത്തിനുളള സാധ്യയുളളതിനാലാണ് ഇളവുകള്‍ ആരംഭിക്കുന്നത് മെയ് 28 ലേക്ക് നീട്ടിയത്. ഇളവുകള്‍ കിട്ടുമ്പോള്‍ കോവിഡ് ജാഗ്രത കൈവിടരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.