പാരിസ്: കോവിഡ് മഹാമാരിയുടെ സമയത്തും മറ്റു രാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ചൈന തങ്ങളുടെ മാധ്യമങ്ങളെ ഉപയോഗിക്കുന്നുവോ? ചൈനീസ് സര്‍ക്കാരിനെ അനുകൂലിച്ചുള്ള വാര്‍ത്തകള്‍ക്കും ലോക രാജ്യങ്ങള്‍ക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്താനും ദേശീയ മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും ചൈന ഉപയോഗിച്ചതായി പുതിയ വെളിപ്പെടുത്തല്‍.
മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് (ഐ.എഫ്.ജെ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു ചൈനക്കെതിരേ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്. 50 രാജ്യങ്ങളില്‍നിന്നുള്ള 54 മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളാണ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്.
ലോകരാജ്യങ്ങള്‍ കോവിഡിനെതിരേ പൊരുതുമ്പോള്‍ ചൈന സ്വന്തം മാധ്യമങ്ങളിലുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നു സര്‍വേ കുറ്റപ്പെടുത്തുന്നു. 2020-ല്‍, കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചപ്പോള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ചൈനയാണ്. പാശ്ചാത്യ മാധ്യമപ്രവര്‍ത്തരുടെ വിസ നിഷേധിച്ച് സ്വന്തം രാജ്യത്തേക്കുള്ള പ്രവേശനം തടഞ്ഞു.
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് ആരോപണങ്ങള്‍ നേരിടുമ്പോള്‍, ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള സമയത്തായിരുന്നു വിലക്ക്. ഇതിലൂടെ വാര്‍ത്തകള്‍ പുറംലോകം അറിയുന്നതിനുള്ള സാധ്യതകള്‍ അവര്‍ പൂര്‍ണമായി അടച്ചു.
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് രാജ്യാന്തര അന്വേഷണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ച ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ചൈന നല്‍കിക്കൊണ്ടിരുന്നു. വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകള്‍ ചൈന പ്രചരിപ്പിക്കുന്നുവെന്നാണ് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ലൂക്ക റിജിയോണ്‍ വിശേഷിപ്പിച്ചത്.
ഇന്തോ-പസഫിക് മേഖലയിലെ കടന്നുകയറ്റം, ഹോങ്കോങ്, തായ് വാന്‍ രാജ്യങ്ങളിലെ ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച് ചൈനക്കെതിരേ മറ്റു രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അവര്‍ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കാന്‍ ചൈനീസ് മാധ്യമങ്ങളെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു.
ചൈനയില്‍ മാത്രമല്ല, തെക്ക്, വടക്കന്‍ അമേരിക്കയിലുടനീളം വ്യാജ പ്രചാരണങ്ങള്‍ ചൈന നടത്തുന്നുണ്ട്. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഉള്ളടക്കം നല്‍കിയാണ് ചൈന സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുന്നത്. കോവിഡ് രൂക്ഷമായി പടരുമ്പോഴും ആഗോളതലത്തില്‍ ചൈനയുടെ മാധ്യമ സ്വാധീനം പ്രകടമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഷിന്‍ജിയാങില്‍ ഉയിഗര്‍ വംശജര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സി പോലുള്ള പാശ്ചാത്യ മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ചൈന യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചതായി റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഗവേഷക ജൂലിയ ബെര്‍ഗിന്‍ പറഞ്ഞു.
ട്വിറ്റര്‍ ചൈനയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഷിന്‍ജിയാങ്ങില്‍ ഉയിഗര്‍ വംശജരെ പാര്‍പ്പിച്ച തടങ്കല്‍ ക്യാമ്പുകളെ പിന്തുണച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി ദേശീയവാദികള്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ഷിന്‍ജിയാങ്ങിലേത് തടങ്കല്‍ പാളയങ്ങളല്ലെന്നും ബോര്‍ഡിംഗ് സ്‌കൂളുകളാണെന്നും ചൈന പ്രചാരണം നടത്തുന്നു. തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ചൈനയുടെ ഇത്തരം തന്ത്രങ്ങളെ ആശങ്കയോടെയാണ് റിപ്പോര്‍ട്ട് നോക്കിക്കാണുന്നത്.
ഹോങ്കോങ് അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ചൈന അറസ്റ്റ് ചെയ്യുകയും പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് സര്‍ക്കാരിന്റെ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ സിജിടിഎന്നിന്റെ ടെലിവിഷന്‍ അവതാരക ഓസ്‌ട്രേലിയന്‍ പൗരനായ ചെംഗ് ലിയെ കഴിഞ്ഞവര്‍ഷം ചൈന തടങ്കലില്‍വച്ചു. അടുത്ത കാലത്തായി ബീജിംഗില്‍ തടവിലാക്കപ്പെട്ട രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ചെംഗ്. എഴുത്തുകാരനും മുന്‍ ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ യാങ് ഹെങ്ജുനെ 2019 ജനുവരിയില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.