തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇത് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ഞായറാഴ്ച ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.
വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തിയേറിയ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാല്‍ റെഡ് അലെര്‍ട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് വരുന്നതിനാലും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്.
ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരളതീരത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിയതിയും ജില്ലകളും:
ഓറഞ്ച് അലര്‍ട്ട്
മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മെയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
യെല്ലോ അലര്‍ട്ട്
മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം
മെയ് 14 : തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മെയ് 15 : തിരുവനന്തപുരം, കൊല്ലം
മെയ് 16 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ റെഡ് അലര്‍ട്ടിന് തുല്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.