തടിപ്പെട്ടികളിലാക്കി പത്ത് ലക്ഷം രൂപ; മരണപ്പെട്ട യാചകന്റെ വീട് പരിശോധിച്ചവര്‍ ഞെട്ടി

തടിപ്പെട്ടികളിലാക്കി പത്ത് ലക്ഷം രൂപ; മരണപ്പെട്ട യാചകന്റെ വീട് പരിശോധിച്ചവര്‍ ഞെട്ടി

തിരുപ്പതി: ക്ഷേത്ര നഗരമെന്ന് അറിയപ്പെടുന്ന തിരുമലയില്‍ മരണപ്പെട്ട യാചകന്റെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെത്തി. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഉള്‍പ്പടെയുള്ള നോട്ടുകളാണ് വീട്ടിലെ രണ്ട് തടിപ്പെട്ടികളിലായി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തു കഴിഞ്ഞിരുന്ന ഇയാള്‍ അസുഖ ബാധിതനായി കഴിഞ്ഞ വര്‍ഷം മരിച്ചു. ബന്ധുക്കളോ മറ്റോ ഉള്ളതായും അറിവില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.

അദ്ദേഹം മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ദേവസ്ഥാനം അനുവദിച്ച വീട് തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് തടിപെട്ടികള്‍ക്കുള്ളിലായി ഇത്രയും പണം രഹസ്യമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്ത മൂല്യങ്ങള്‍ വരുന്ന നോട്ടുകള്‍ വീടിനുള്ളില്‍ സൂക്ഷിച്ച പെട്ടികളില്‍ ഉണ്ടായിരുന്നു. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഉള്‍പ്പടെയുള്ള നോട്ടുകളും വീട്ടില്‍ നിന്ന് കണ്ടെത്തി.

തുക എണ്ണിതിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണപ്പെട്ട യാചകരില്‍ നിന്നും വലിയ തുകകള്‍ കണ്ടെത്തുന്ന സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്ള തിരുപ്പതി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. ആയിരക്കണക്കിന് ഭക്തര്‍ ദിവസേന ദര്‍ശനത്തിന് എത്താറുള്ളതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകള്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.