ന്യൂനപക്ഷ ക്ഷേമവകുപ്പ്: ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പരക്കേ അതൃപ്തി

ന്യൂനപക്ഷ ക്ഷേമവകുപ്പ്:  ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പരക്കേ അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കാലകാലങ്ങളായി നടക്കുന്ന സ്വജനപക്ഷാപാതം അവസാനിപ്പിക്കുവാന്‍ പുതിയ മന്ത്രിസഭയില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ക്ക് ന്യൂനപക്ഷ ക്ഷേമം നല്‍കണമെന്ന ആവശ്യം ഇടത് മുന്നണി നേതാക്കള്‍ മുഖവിലയ്‌ക്കെടുത്തില്ല. മലപ്പുറം താനൂരില്‍ നിന്ന് ജയിച്ച സിപിഎം സ്വതന്ത്രന്‍ വി.അബ്ദുള്‍ റഹ്മാനാണ് ന്യൂനപക്ഷ, പ്രവാസികാര്യ വകുപ്പുകളുടെ ചുമതല.

മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഇത് മാനിക്കാതെയാണ് പുതിയ മന്ത്രമാരുടെ പട്ടിക പുറത്തു വന്നിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ ആവശ്യപ്പെട്ടിരിന്നു. 80:20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

കെസിവൈഎം ഉള്‍പ്പെടെയുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരിന്നു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

എന്നാല്‍, ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായി ക്രൈസ്തവ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ വര്‍ഷങ്ങളായി ക്രൈസ്തവര്‍ ഉന്നയിക്കുന്ന ഈ പ്രശ്‌നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.