ചന്ദ്ര പര്യവേക്ഷണത്തിനു നിയമങ്ങൾ ; 'ആർടെമിസ് ഉടമ്പടി'

ചന്ദ്ര പര്യവേക്ഷണത്തിനു നിയമങ്ങൾ ; 'ആർടെമിസ് ഉടമ്പടി'

അമേരിക്ക : അമേരിക്ക ഉൾപ്പെടെ എട്ട് രാജ്യങ്ങൾ 'ആർടെമിസ് ഉടമ്പടി' എന്നറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര കരാറിൽ ഒപ്പുവെച്ചതായി നാസ പ്രഖ്യാപിച്ചു. ചന്ദ്രനിൽ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ചട്ടങ്ങളാണ് ഈ ഉടമ്പടിയിലൂടെ നാസ പ്രഖ്യാപിക്കുന്നത്. മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള അടുത്ത കുതിപ്പിൽ, ആദ്യമായി ഒരു സ്ത്രീയെക്കൂടി എത്തിക്കണം എന്നുള്ള ലക്ഷ്യമാണ് ആർടെമിസ് പദ്ധതിക്കുള്ളത് . ഒന്നിലധികം രാജ്യങ്ങളുടെ സഹകരണം നാസ ഇതിൽ പ്രതീക്ഷിക്കുന്നു. ചന്ദ്ര ഖനനം, ചന്ദ്രന്റെ ഉപരിതലപഠനം എന്നിവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള മാനദണ്ഡങ്ങൾ കരാറിൽ ഉൾപ്പെടുന്നു.

യുഎസിനൊപ്പം കരാർ ഒപ്പുവച്ച ഏഴ് രാജ്യങ്ങൾ , ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ലക്സംബർഗ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ്.റഷ്യ ഇതിൽ ഒപ്പുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ പദ്ധതി യു.എസ് കേന്ദ്രീകൃതമാണെന്ന് റഷ്യ പരാതി ഉയർത്തിക്കഴിഞ്ഞു. നാസയുടെ ആർടെമിസ് പദ്ധതി മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, അടുത്തവർഷം ആദ്യം സജ്ജമമാവുന്ന ആർടെമിസ് I ആണ് ആദ്യ ഘട്ടം. സാറ്റലൈറ്റ് ലോഞ്ചിങ് സിസ്റ്റവും ഓറിയോൺ ബഹിരാകാശ പേടകവും പരീക്ഷിക്കുന്നതിനായി ഒരു ആളില്ലാ റോക്കറ്റ് വിക്ഷേപിക്കുന്നതും പ്രാഥമിക ഘട്ടത്തിൽ ഉൾപ്പെടുന്നു.രണ്ടാം ഘട്ടമായ ആർട്ടെമിസ് II ൽ യാത്രികരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തുന്നത്. ഇത് 2023 ൽ ലക്ഷ്യമിടുന്നു. മൂന്നാം ഘട്ടമായ ആർടെമിസ് III 2024 ൽ ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിക്കും. നാസയുടെ ആർടെമിസ് പദ്ധതിയിൽ വിവിധ ഘടകങ്ങൾ ഉൾകൊള്ളുന്നു. പര്യവേക്ഷണത്തിനായുള്ള വിക്ഷേപണ തറ, ബഹിരാകാശ വിക്ഷേപണ സംവിധാനം (എസ് എൽ എസ് ), ഓറിയോൺ (ചന്ദ്ര ദൗത്യങ്ങൾക്കുള്ള ബഹിരാകാശ പേടകം), ഗേറ്റ് വേ (ചന്ദ്രനു ചുറ്റും കറങ്ങുന്ന നിലയം ), ചന്ദ്രനിൽ ഇറങ്ങുവാൻ ഉള്ള വാഹനങ്ങൾ ആർ‌ടെമിസ് ജനറേഷൻ‌ സ്‌പെയ്‌സ്യൂട്ടുകൾ‌ എന്നിവയാണ് ഈ ചന്ദ്ര ദൗത്യത്തിൽ സഹായകരമാകുന്നത്.

നാസയുടെ പുതിയ റോക്കറ്റ് എസ് എൽ എസ് , ബഹിരാകാശയാത്രികരെ ഓറിയോൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ നിന്ന് കാൽ ദശലക്ഷം മൈൽ അകലെയുള്ള ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കും . ബഹിരാകാശയാത്രികർ ഗേറ്റ് വേയിൽ ഓറിയോൺ (ചന്ദ്രനുചുറ്റുമുള്ള ഭ്രമണപഥത്തിലെ ഒരു ചെറിയ ബഹിരാകാശ കപ്പൽ ) ഡോക്ക് ചെയ്തുകഴിഞ്ഞാൽ അവർക്ക് ചന്ദ്രന്റെ ഭ്രമണപഥത്തിൽ താമസിക്കാനും പ്രവർത്തനങ്ങൾ നടത്താനും കഴിയും, കൂടാതെ ബഹിരാകാശ കപ്പലിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പര്യവേഷണങ്ങൾ നടത്തുവാനും കഴിയും. പുരാതന ഗ്രീക്ക് പുരാണത്തിലെ അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആർടെമിസ്, ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ കാലുകുത്താൻ സഹായിച്ചത് അപ്പോളോ ദൗത്യമാണ് . 2024 ൽ നാസ ഒരു സ്ത്രീയെ ചന്ദ്രനിൽ എത്തിക്കുമ്പോൾ ആ പദ്ധതിക്ക് അപ്പോളോയുടെ സഹോദരിയായ ആർടെമിസിന്റെ പേരും നൽകി.

(രാജേഷ് കൂത്രപ്പള്ളി)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.