പ്രധാനമന്ത്രി അവഹേളിച്ചു; കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല: മമത ബാനര്‍ജി

പ്രധാനമന്ത്രി അവഹേളിച്ചു; കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത : കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമത ബാനര്‍ജി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

10 സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്ട്രേട്ടുമാരും ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗമായിരുന്നു നടന്നത്. 'പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച്‌ യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ഇത് ദൗര്‍ഭാഗ്യകരമാണ്' മമത ബാനര്‍ജി പറഞ്ഞു.

'ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കി. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. അതോടെ യോഗം അവസാനിച്ചു' മമത പറഞ്ഞു. 'അവഹേളിക്കപ്പെട്ടത് പോലെയാണ് തോന്നിയത്. അദ്ദേഹം വാക്‌സിനെക്കുറിച്ചോ കോവിഡ് ചികിത്സാ മരുന്നിനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല' മമത ബാനര്‍ജി പറഞ്ഞു.

പ്രധാനമന്ത്രിയോട് വാക്സിന്‍ ആവശ്യപ്പെടണമെന്ന് കരുതിയതാണ്, പക്ഷേ സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മുന്‍പും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്നും മമത ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.