1991 മെയ് 21: രാജ്യം ഞെട്ടി വിറച്ച ദിനം; രാജീവിന്റെ കണ്ണീരോര്‍മ്മകള്‍ക്ക് ഇന്ന് മൂന്ന് പതിറ്റാണ്ട്

 1991 മെയ് 21: രാജ്യം ഞെട്ടി വിറച്ച ദിനം; രാജീവിന്റെ കണ്ണീരോര്‍മ്മകള്‍ക്ക് ഇന്ന് മൂന്ന് പതിറ്റാണ്ട്

തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍. 1991 മെയ് 21. സമയം രാത്രി 10.21... ഇന്ത്യ ഞെട്ടി വിറങ്ങലിച്ച നിമിഷം. ചെറുപ്പത്തിന്റെ പ്രസരിപ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്യമെമ്പാടും പറന്നു നടന്ന കോണ്‍ഗ്രസിന്റെ താര പ്രചാരകന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

എല്‍.ടി.ടി.ഇ അംഗമായ തനു എന്ന കലൈവാണി രാജരത്‌നം ചാവേറായി പൊട്ടിത്തെറിച്ചു. വികസന പാതയില്‍ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിയ്ക്കാന്‍ തക്ക കാഴ്ചപ്പാടും കെല്‍പ്പുമുണ്ടായിരുന്ന നാല്‍പ്പത്താറുകാരനായ രാജീവ് ഗാന്ധിയുടെ ശരീരം കീറിയെറിഞ്ഞ പഴന്തുണി കഷണങ്ങള്‍ പോലെ ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. കണ്ണീര്‍ നനവുള്ള ആ ഓര്‍മ്മകള്‍ക്ക് ഇന്ന് മൂന്ന് പതിറ്റാണ്ടിന്റെ ആയുര്‍ദൈര്‍ഘ്യം.

രാത്രി എട്ടരയോടെയാണ് രാജീവ് വിശാഖപട്ടണത്തു നിന്നു ചെന്നൈയിലെത്തിയത്. വിമാനത്താവളത്തില്‍ വിശദമായ വാര്‍ത്താ സമ്മേളനം. ശേഷം വാഹനവ്യൂഹം ശ്രീപെരുംപുത്തൂരിലേക്ക്. പോരൂരിലും പൂനമല്ലിയിലും ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തശേഷം 10.10നു ശ്രീപെരുംപുത്തൂരില്‍.

യോഗ വേദിക്കു എതിര്‍വശത്തെ ഇന്ദിരാ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം യോഗ വേദിയിലേക്ക്. ജനക്കുട്ടത്തെ അഭിവാദ്യം ചെയ്ത് രാജീവ് മുന്നിലേക്കു നടന്നു. വേദിയില്‍ നേതാക്കള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. വേദിക്ക് 20 മീറ്റര്‍ അകലെ ജനക്കൂട്ടത്തിന്റെ മുന്‍ നിരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ലത കണ്ണന്‍, മകള്‍ കോകില വാണി എന്നിവര്‍ കാത്തു നിന്നിരുന്നു. രാജീവിനെ മാലയണിയിക്കാനുള്ളവരുടെ പട്ടികയില്‍ ഇവരുടെ പേരുമുണ്ടായിരുന്നു.

കോകില വാണി രാജീവിനായി ഹിന്ദി ഗാനം പാടുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജീവ് എത്തിയപ്പോള്‍ അവള്‍ പാടി. പാട്ടു കേട്ടു കുറച്ചു നേരം അവിടെ നിന്ന രാജീവ് അവളെ അഭിനന്ദിച്ചു. ഇതിനിടെ, പിന്നില്‍നിന്നു കയ്യില്‍ ചന്ദന മാലയുമായി തനു മുന്നിലേക്കെത്തി. അനസൂയ എന്ന എസ്‌ഐ തടയാന്‍ ശ്രമിച്ചെങ്കിലും രാജീവ് വിലക്കി.

ചന്ദനമാല അണിയിക്കുന്നതിനു മുമ്പ് കാലില്‍ തൊട്ടു വണങ്ങാനെന്ന വ്യാജേന തനു കുനിഞ്ഞു. അവരെ പിടിച്ചെഴുന്നേല്‍പ്പിക്കാനായി രാജീവ് ഗാന്ധിയും ശരീരം ചെറുതായൊന്നു മുന്നോട്ടു വളച്ചു. അതായിരുന്നു ആ ശപിക്കപ്പെട്ട നിമിഷം. ഉഗ്ര ശബ്ദം...വലിയ അഗ്‌നിഗോളം... എല്ലാം അവസാനിച്ചു. രാജീവ് ഗാന്ധിക്കൊപ്പം 14 പേര്‍കൂടി മരിച്ചു വീണു.വിശാഖപട്ടണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അന്ന് വൈകിട്ട് ആറ് മണിയോടെ ചെന്നൈയിലെത്താനായിരുന്നു രാജീവിന്റെ പദ്ധതി. എന്നാല്‍ വിമാനം സാങ്കേതിക തകരാറിലായി. യാത്ര റദ്ദാക്കാമെന്നു തീരുമാനിച്ച് രാജീവ് ഗാന്ധി ഗെസ്റ്റ് ഹൗസിലേക്കു മടങ്ങുന്നതിനിടെ തകരാര്‍ പരിഹരിച്ചുവെന്ന സന്ദേശമെത്തി.

അങ്ങനെ മണിക്കൂറുകള്‍ വൈകി രാത്രി എട്ടരയോടെ ചെന്നൈയിലെത്തി. അവിടെ നിന്നു 40 കിലോമീറ്റര്‍ അകലെ ശ്രീപെരുംപുത്തൂരിലേക്ക് കാറില്‍ എത്തുകയായിരുന്നു. മാറ്റി വച്ചിട്ട് വീണ്ടും തുടര്‍ന്ന ആ യാത്രയ്ക്ക് പക്ഷേ, ചോര മണക്കുന്ന പദ്ധതികളുണ്ടായിരുന്നതായി ആരും അറിഞ്ഞില്ല.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പുലി പ്രഭാകരന്‍ എന്നറിയപ്പെടുന്ന വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് ഈഴ വിടുതലൈ പുലികള്‍ (എല്‍.ടി.ടി.ഇ) എന്ന സംഘടന രാജീവിനെ കൊല്ലാന്‍ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സണ്‍ഡേ മാസികയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് എല്‍.ടി.ടി.ഇയെ കൂടുതല്‍ പ്രകോപിതരാക്കിയത്.

ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധിക്കായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ തികച്ചും തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ചില ഇടപെടലുകള്‍ സുരക്ഷാ വീഴ്ചകള്‍ ഉണ്ടാക്കിയെന്നും ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജെ.എസ് വര്‍മ്മ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ തന്റെ ജീവനു ഭീഷണിയുണ്ടായേക്കാമെന്ന് രാജീവിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. അന്ന് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഭീഷ്മ നാരായണ്‍ സിങ്, രാജീവ് ഗാന്ധിയുടെ ജീവനു നേരേയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും പിന്നീട് വ്യക്തമായി.

പിന്നീട് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ രാജീവ് വധത്തിന്റെ അന്വേഷണം സി.ബി.ഐക്കു വിടുകയുണ്ടായി. ഡി.ആര്‍. കാര്‍ത്തികേയന്‍ എന്ന പ്രശസ്ത കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എല്‍.ടി.ടി.ഇ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും സുപ്രീം കോടതി അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ടാഡാ നിയമപ്രകാരമ 26 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും പ്രത്യേക കോടതി എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തെ നിയമ വിദഗ്ദരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്. കുറ്റാരോപിതര്‍ക്ക് സ്വതന്ത്ര വിചാരണ ലഭ്യമായില്ലെന്നു കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ടാഡാ നിയമത്തിനുള്ളില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ മാത്രമേ അപ്പീല്‍ നല്‍കാന്‍ അനുവാദമുള്ളു.

കുറ്റവാളികള്‍ പോലീസുദ്യോഗസ്ഥരുടെ മുന്നില്‍ നടത്തിയ കുറ്റസമ്മതം ആയിരുന്നു ഈ വിധിയില്‍ കോടതി പ്രധാനമായും ആശ്രയിച്ചത്. തങ്ങളെക്കൊണ്ട് ബലാാല്‍ക്കാരമായി മൊഴിയില്‍ ഒപ്പു ചാര്‍ത്തിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പിന്നീട് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 1999 മേയ് 11 ന് സുപ്രീം കോടതി വധശിക്ഷ നാലു പേര്‍ക്കു മാത്രമായി ചുരുക്കുകയും മറ്റുള്ളവര്‍ക്ക് വിവിധ കാലയളവിലുള്ള ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

പ്രതികളിലൊരാളായ പേരറിവാളന് ഇക്കഴിഞ്ഞ ബുധനാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. അമ്മ അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ച് നിയമങ്ങളില്‍ ചില ഇളവ് വരുത്തിയാണ് എം കെ സ്റ്റാലിന്‍ പേരറിവാളന് പരോള്‍ അനുവദിച്ചത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.